ഒമാനിലെ തൊഴിലാളികൾക്ക് പരാതികൾ അടുത്തമാസം മുതൽ ഓൺലൈൻ വഴി നൽകാം

മസ്കറ്റ് : അടുത്തമാസം മുതൽ രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും ഓൺലൈൻ പോർട്ടൽ വഴി തൊഴിലുടമയ്‌ക്കെതിരെയുളള പരാതികൾ നൽകാം. സർക്കാർ നടപടിക്രമങ്ങൾ പൂർണമായും ഓൺലൈൻ വഴിയാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സംവിധാനം കൊണ്ടുവന്നത്. കഴിഞ്ഞ മാസം അവസാന വാരം മുതൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വരികയായിരുന്നു. പരീക്ഷണഘട്ടത്തിൽ തന്നെ നൂറുകണക്കിന് പരാതികളാണ് ഓൺലൈനായി തൊഴിൽ മന്ത്രാലയത്തിന് ലഭിച്ചത്.
ആദ്യത്തെ രണ്ട് മാസം പരീക്ഷണാടിസ്ഥാനത്തിലാകും പദ്ധതി പ്രവർത്തിക്കുക. അറബിയിലും ഇംഗ്ലീഷിലും പരാതിപ്പെടാം. ഓൺലൈൻ അപേക്ഷാഫോറം പൂരിപ്പിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സനദ് സെന്‍ററുകളുടെ സേവനവും തേടാവുന്നതാണ്.
പരാതി നൽകുന്നതിന്റെ ആദ്യ പടിയായി തിരിച്ചറിയൽ കാർഡുകൾ ഇ−−-സർട്ടിഫിക്കേഷൻ ചെയ്യണം. 2015 ജൂലൈ 15നുശേഷം ലഭിച്ച റെസിഡന്‍റ് കാർഡുകൾക്കാണ് ഇ−−−-സർട്ടിഫിക്കേഷൻ ലഭ്യമാവുക. രാജ്യത്തെ 33 കേന്ദ്രങ്ങളിലുള്ള ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിയുടെ സബ് സെന്‍ററുകളിൽ ഇ−−−-സർട്ടിഫിക്കേഷൻ ലഭ്യമാണ്. www.manpower.gov.om എന്ന വെബ്സൈറ്റ് വഴിയാണ് പരാതികൾ സമർപ്പിക്കേണ്ടത്.
ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ഇതിന്റെ സേവനം ലഭിക്കും. നിലവിൽ മസ്‌ക്കറ്റിൽ ജോലി ചെയ്യുന്ന രജിസ്‌റ്റേഡ് കന്പനികളിലെ തൊഴിലാളികൾക്ക് മാത്രമാണ് ഈ സേവനം ലഭിക്കുന്നത്.