അരങ്ങിലെ ജയം : ജയ ഉണ്ണികൃഷ്ണൻ

സോന പി.എസ്
കഴിഞ്ഞ പതിനൊന്ന് വർഷമായി ബഹ്റൈനിലെ നാടകവേദികളിൽ അഭിനയ മികവുകൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ കലാകാരിയാണ്ബഹ്റൈൻ ആരോഗ്യമന്ത്രാലയത്തിനു കീഴിൽ നഴ്സായി ജോലി ചെയ്യുന്ന ജയ ഉണ്ണി എന്ന അഭിനേത്രി. ആകസ്മികമായാണ് അഭിനയമേഖലയിലേക്കുള്ള ജയയുടെ രംഗപ്രവേശം. ഡയലോഗ് പറഞ്ഞു കൊടുക്കാൻ മകൾ പങ്കെടുക്കുന്ന നാടകത്തിലേക്ക് മകളോടൊപ്പം എത്തിയ ജയക്ക് വീണു കിട്ടിയ ഒരവസരമായിരുന്നു പിന്നീട് നാടകത്തിന്റെ അരങ്ങുകളിൽ നിറഞ്ഞു നിൽക്കാൻ കാരണമായത്. സുനിൽ കൊല്ലം എന്ന നാടകകാരന്റെ നാടകത്തിലൂടെ ചെറിയ വേഷം ചെയ്ത് കടന്നു വരികയും, പിന്നീട് അഭിനയ മുഹൂർത്തങ്ങളുള്ള കഥാപാത്രങ്ങളെ അരങ്ങിൽ അവതരിപ്പിച്ച് കൈയ്യടി നേടുകയും ചെയ്ത ഈ കലാകാരി പിന്നീട് ബഹ്റൈനിലെ നാടകവേദിയിൽ കരുത്തുറ്റ കഥാപാത്രങ്ങൾക്ക് വേഷപകർച്ച നൽകാൻ പ്രാപ്തയായ അഭിനേത്രിയായി മാറുകയായിരുന്നു.
ജയയുടെ ഓരോ കഥാപാത്രങ്ങളും ജീവിതത്തോട് ചേർന്ന് നിൽക്കുന്നവയും, വ്യത്യസ്തവുമായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഓരോ കഥാപാത്രങ്ങൾ ചെയ്യുന്പോളും, കഥാപാത്രത്തെ പൂർണ്ണമായും മനസ്സിലാക്കുകയും, അത് കൈയ്യടക്കത്തോടെ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ഈ കലാകാരിയുടെ ആത്മ സമർപ്പണം തന്നെയാണ് ഓരോ അരങ്ങിന്റെയും വിജയമെന്ന് നിസംശയം പറയാം. ബഹ്റൈനിലെ കെ.സി.എ, പ്രേരണ, കേരളീയ സമാജം പോലുള്ള സംഘടനകളിലാണ് കൂടുതലായും നാടകങ്ങളും മറ്റും ചെയ്യുന്നത്. സമാജത്തിൽ അവതരിപ്പിച്ച കള്ളനും പോലീസും എന്ന നാടകത്തിനായിരുന്നു ആദ്യമായി മികച്ച നടിക്കുള്ള അവാർഡ് ലഭിക്കുന്നത്. അതു പോലെ റേഡിയോ നാടകത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും, അതിൽ പങ്കെടുത്ത് ശബ്ദം നൽകി മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. 2018ൽ ബഹ്റൈൻ കേരളീയ സമാജത്തിൽ അരങ്ങേറിയ ന്റെ പുളളിപ്പൈ കരയണ് എന്ന നാടകത്തിൽ രണ്ടാം തവണ മികച്ച നടിക്കുള്ള അംഗീകാരം തേടിയെത്തുന്നത്.സമാജത്തിൽ മനോജ് കാന, ഉദയൻ കുണ്ടം കുഴി, ഡോ. സുനിൽ എന്നിവരുടെ നാടകങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും ഈ അഭിനേത്രിക്ക് ലഭിച്ചിട്ടുണ്ട്. പീന്നീട് മനോജ് കാനയുടെ ചായില്യം എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. ദിനീഷ് കുറ്റിയിലിന്റെ പെണ്ണമ്മ എന്ന നാടകത്തിലെ കഥാപത്രത്തിനോടാണ് തനിക്ക് കൂടുതൽ അടുപ്പമെന്നും, ആ കഥാപാത്രത്തെ പൂർണ്ണമായും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ താൻ വിജയിച്ചതായും ജയ പറയുന്നു. സൃഷ്ടി, കറൻസി എന്ന നാടകത്തിലും മികച്ച കാഥാപാത്രങ്ങൾക്ക് ജീവൻ പകരാൻ ഈ കലാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.
22 വർഷമായി ബഹ്റൈനിൽ താമസമാക്കിയ ജയ ഉണ്ണികൃഷ്ണൻ്റെ സ്വദേശം തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയാണ്. ഭർത്താവ്: ഉണ്ണികൃഷ്ണൻ, രണ്ട് പെൺമക്കൾ: പൂജ, കാർത്തിക.