പ്രതിപക്ഷ സഖ്യം ഇൻഡ്യ ഇനി മുംബൈയിൽ; ശരദ് പവാറിൻ്റെ നീക്കങ്ങൾ നിർണ്ണായകം


പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയുടെ മൂന്നാമത് യോഗത്തിന് വ്യാഴാഴ്ച മുംബൈയില്‍ തുടക്കമാകും. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് വേണ്ടി 26 പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്‍ഡ്യ മുംബൈയില്‍ യോഗം ചേരുന്നത്. മുംബൈയിൽ യോഗം നടക്കുന്ന സാഹചര്യത്തിൽ തന്നെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത് ശരദ് പവാറിനെയാണ്. എൻസിപി പക്ഷത്തെ പിളർത്തി ബിജെപിക്കൊപ്പം ചേർന്ന അജിത് പവാറുമായി കഴിഞ്ഞ ദിവസങ്ങളിൽ ശരദ് പവാർ ആശയവിനിമയം നടത്തിയത് ഇൻഡ്യാ സഖ്യത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ശരദ് പവാറിനെ ഇൻഡ്യയുടെ മുന്നണിയിൽ നിർത്തി തന്നെ മുന്നോട്ടു പോകാനുള്ള ധാരണയിലാണ് ഇൻഡ്യാ സഖ്യം.

വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗരേഖ രൂപപ്പെടുത്തുന്നത് യോഗത്തിന്റെ അജണ്ടയാകും. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഏറ്റെടുക്കേണ്ട വിഷയങ്ങളെ സംബന്ധിച്ചും യോഗത്തില്‍ ആലോചനയുണ്ടാകും. ഇതിനായി ഒരു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുന്ന വിഷയവും യോഗം ചര്‍ച്ച ചെയ്യും. മുംബൈ യോഗത്തില്‍ ഇന്‍ഡ്യയുടെ ലോഗോയുടെ കാര്യത്തിലും തീരുമാനമാകുമെന്നാണ് വിവരം.

ഇതിനിടെ രാഹുല്‍ ഗാന്ധിയെ കണ്‍വീനറാക്കാനുള്ള നീക്കത്തോട് ആം ആദ്മി പാര്‍ട്ടിക്ക് വിയോജിപ്പുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പേരും കണ്‍വീനര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നെങ്കിലും സ്ഥാനം ഏറ്റെടുക്കാന്‍ ഖാര്‍ഗെക്കും താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യക്തിപരമായ താല്‍പ്പര്യങ്ങളെക്കാള്‍ പ്രതിപക്ഷ ഐക്യത്തിന്റെ സുഗമമായ മുന്നോട്ടു പോക്കിനാണ് പ്രധാന്യമെന്ന് നേരത്തെ ജെഡിയു നേതാവ് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ഇന്‍ഡ്യയുടെ കണ്‍വീനറാകുമെന്ന അഭ്യൂഹങ്ങളെക്കുറിച്ചു ചോദ്യത്തിന് മറുപടിയായായിരുന്നു നിതീഷിന്റെ പ്രതികരണം.

ഇതിനിടെ മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളിലും റിവ്യൂ മീറ്റിംഗ് നടത്താനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ആഗസ്റ്റ് 31ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ഔദ്യോഗിക വസതിയിലെ വിരുന്ന സത്കാരത്തോടെ പരിപാടിക്ക് തുടക്കമാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള നയസമീപനങ്ങള്‍ സ്വീകരിക്കുന്നതിനായി നിരവധി സെഷനുകളും മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തും. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ മീറ്റിംഗിന് നേതൃത്വം നല്‍കും.

 

article-image

FFGHGHFHGGHF

You might also like

Most Viewed