ഇമ്രാൻ ഖാൻ ജയിൽ മോചിതനാകില്ല; രഹസ്യനിയമം ലംഘിച്ച കേസിൽ ജയിലിൽ തുടരും

തോഷഖാന അഴിമതിക്കേസിൽ മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശിക്ഷ കോടതി മരവിപ്പിച്ചെങ്കിലും അദ്ദേഹം ജയിൽ മോചിതനാകില്ലെന്ന് റിപ്പോർട്ട്. മറ്റൊരു കേസിൽ തടങ്കലിൽ വെക്കാൻ ജഡ്ജി ഉത്തരവിട്ടതിനാലാണ് മോചനം സാധ്യമാകാത്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ നയീം പഞ്ജുത പറഞ്ഞു. സംസ്ഥാന രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ തടവിലായതിനാൽ മോചിതനാകില്ല. ഇമ്രാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കാനും ബുധനാഴ്ച കോടതിയിൽ ഹാജരാക്കാനും ഇസ്ലാമാബാദിലെ പ്രത്യേക കോടതി ജയിൽ അധികൃതരോട് ഉത്തരവിട്ടു.
യു.എസിലെ പാകിസ്ഥാൻ അംബാസഡർ അയച്ച രഹസ്യ കേബിളിന്റെ ഉള്ളടക്കം പരസ്യമാക്കുകയും അത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്‌തുവെന്ന കുറ്റമാണ് ഇമ്രാനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസിൽ ഖാന്റെ സഹായി ഷാ മഹ്മൂദ് ഖുറേഷി നേരത്തെ അറസ്റ്റിലായിരുന്നു. 2018 മുതൽ 2022 വരെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് സമ്മാനങ്ങൾ നിയമവിരുദ്ധമായി വിറ്റതിനാണ് തോഷഖാന കേസ് എടുത്തത്. മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹത്തെ ഓഗസ്റ്റ് അഞ്ചിന് ജയിലിലടച്ചു. അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കുകയും ചെയ്തു.
ADSFGHADSFGH