ഗർഭഛിദ്രം; അന്തിമ തീരുമാനം അമ്മയുടേതെന്ന് ഡൽഹി ഹൈക്കോടതി

ഗർഭഛിദ്രത്തിൽ അന്തിമ തീരുമാനം അമ്മയുടേതാണെന്ന് നിരീക്ഷിച്ച് ഡൽഹി ഹൈക്കോടതി. 33 ആഴ്ച്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയ 26കാരിയായ യുവതിയുടെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. യുവതിക്ക് ഗർഭം അലസിപ്പിക്കാനുള്ള അനുമതി കോടതി നൽകി. ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റെയായിരുന്നു ഉത്തരവ്. ഇന്ത്യൻ നിയമപ്രകാരം ഗർഭം അലസിപ്പിക്കണോ അതോ കുഞ്ഞിനെ വളർത്തണമോയെന്ന് തീരുമാനിക്കാനുള്ള ആത്യന്തികമായുള്ള അവകാശം പൂർണമായും അമ്മക്കാണെന്ന് കോടതി പറഞ്ഞു. ഹർജി സമർപ്പിച്ച യുവതിയുടെ ഭ്രൂണത്തിന് സെറിബ്രൽ ഡിസോർഡർ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുഞ്ഞിനെ വൈദ്യശാസ്ത്രപരമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹർജി സമർപ്പിച്ചത്.
നവംബർ 12ന് നടത്തിയ അൾട്രാസൗണ്ട് പരിശോധനയിലാണ് ഭ്രൂണത്തിലെ വൈകല്യം കണ്ടെത്താനായത്. ഈ ഘട്ടത്തിൽ ഗർഭം അലസിപ്പിക്കുന്നത് അപകടമാണെന്ന് ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിലെ മെഡിക്കൽ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. ആശുപത്രിയിലെ ന്യൂറോ സർജനിൽ നിന്നും ഗൈനക്കോളജിസ്റ്റിൽ നിന്നും ഇക്കാര്യത്തിൽ ജഡ്ജി തിങ്കളാഴ്ച്ച അഭിപ്രായം തേടിയിരുന്നു. എന്നാൽ കുട്ടിക്ക് എന്തെങ്കിലും വൈകല്യമുണ്ടാകാനും അത് അതിജീവിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു മറുപടി. ജനിച്ച് ഏകദേശം 10 ആഴ്ചകൾക്ക് ശേഷം ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശസ്ത്രക്രിയ നടത്താമെന്നും ഡോക്ടർ ജഡ്ജിയെ അറിയിച്ചിരുന്നു. എന്നാൽ എൽഎൻജെപി ആശുപത്രി സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിലും കോടതി അതൃപ്തി രേഖപ്പെടുത്തി. മെഡിക്കൽ ബോർഡ് സ്ത്രീയോട് സൗഹാർദ്ദപരമായി ഇടപഴകണമെന്നും അവളുടെ ശാരീരികവും മാനസികവുമായ അവസ്ഥ വിലയിരുത്തണമെന്നും കോടതി കൂട്ടിച്ചേർത്തു. അഭിഭാഷകരായ അന്‍വേഷ് മധുകർ, പ്രാഞ്ജൽ ശേഖർ, പ്രാചി നിർവാൻ, യാസീൻ സിദ്ദിഖി എന്നിവരാണ് ഹർജിക്കാരിക്ക് വേണ്ടി ഹാജരായത്.
drtdrytr