ജമ്മു കശ്മീരിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ച നിലയിൽ

ജമ്മു കശ്മീരിൽ ഒരു കുടുംബത്തിലെ ആറുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പേരുടെ മൃതദേഹം വീടിനുള്ളിലും നാല് പേരുടെ മൃതദേഹം തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലുമാണ് കണ്ടെത്തിയത്. രണ്ട് വീടുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസിന് ലഭിച്ച ഫോൺ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
നൂർ ഉൾ ഹബീബ്, സക്കീന ബീഗം, സജാദ് അഹമ്മദ്, നസ്സെമ അക്തർ, റുബീന ബാനോ, സഫർ സലിം എന്നിവരാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിനായി റൂറൽ എസ്പി സഞ്ജയ് ശർമയുടെ നേതൃത്വത്തിലുള്ള നാലംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
പോസ്റ്റ്‌മോർട്ടത്തിനായി ആറ് മൃതദേഹവും മെഡിക്കൽ കോളജിലേക്ക് മാറ്റി. ആത്മഹത്യയാണെന്ന പ്രാഥമിക സംശയത്തിൽ ജമ്മു പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവത്തിന്റെ മറ്റ് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.