ഖുർആൻ വ്യാഖ്യാനിക്കുന്നതിൽ ഹൈക്കോടതിക്ക് തെറ്റ് പറ്റി: ഹിജാബ് വിഷയത്തിൽ സമസ്ത സുപ്രീം കോടതിയിൽ
ഖുർആൻ വ്യാഖ്യാനിക്കുന്നതിൽ ഹൈക്കോടതിക്ക് തെറ്റ് പറ്റിയെന്ന് കാണിച്ച് ഹിജാബ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ച് സമസ്ത. ഹിജാബ് നിരോധനം ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടി.
ഖുറാനിലെ രണ്ട് വചനങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതെന്ന് സമസ്ത നൽകിയ ഹർജിയിൽ പറയുന്നു. മുസ്ലിം സ്ത്രീകൾ പൊതു സ്ഥലങ്ങളിൽ മുഖവും, കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുറാൻ നിഷ്കർഷിച്ചിട്ടുണ്ടെന്നും മുഴുവൻ മുസ്ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതെന്നും ഹർജിയിൽ സമസ്ത ജന.സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ വ്യക്തമാക്കി.
‘അനിവാര്യമായ മതാചാരങ്ങൾ പാലിക്കാൻ ഭരണഘടനയുടെ 25ആം അനുച്ഛേദം നൽകുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനം. ഈ നിരോധനം ബഹുസ്വരതയ്ക്കും, എല്ലാവരെയും ഉൾക്കൊള്ളുക എന്ന നയത്തിനും എതിരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഏർപ്പെടുത്തുന്നതിനോട് എതിർപ്പില്ല’, ഹർജിയിൽ സമസ്ത കൂട്ടിച്ചേർത്തു.