ചായ കുടിക്കുന്നതിനിടെ അബദ്ധത്തിൽ ഗ്ലാസ് വിഴുങ്ങി; മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ചായകുടിക്കുന്നതിനിടെ അപകടത്തിൽ ഗ്ലാസ് വിഴുങ്ങി മധ്യ വയസ്കൻ. ബിഹാറിലാണ് സംഭവം. കടുത്ത വയറ് വേദനയോടെയും മലബന്ധത്തോടെയുമാണ് അൻപത്തിയഞ്ചുകാരനായ വ്യക്തി ഡോക്ടർ മഹ്മുദുൽ ഹസന്റെയടുത്ത് ചികിത്സയ്‌ക്കെത്തുന്നത്. ആദ്യ പരിശോധനയിൽ തന്നെ അസ്വാഭാവിക തോന്നിയ ഡോക്ടർ എക്‌സറേ പരിശോധിച്ചു. എക്‌സറേ കണ്ട് ഡോക്ടറും സംഘവും അക്ഷരാർത്ഥത്തിൽ ഞെട്ടി. എക്‌സറേയിലൂടെയാണ് ഈ വ്യക്തിയുടെ വയറിൽ ഗ്ലാസ് ഉണ്ടെന്ന ഞെട്ടിക്കുന്ന സത്യം ഡോക്ടർ മഹ്മുദുൽ ഹസൻ അറിഞ്ഞത്.
തുടർന്ന് ഗ്ലാസ് പുറത്തെടുക്കാനുള്ള ശ്രമത്തിലായി ഡോ. മഹ്മുദുൽ ഹസന്റെ നേതൃത്വത്തിലുള്ള സംഘം. ആദ്യം എൻഡോസ്‌കോപിക് പ്രൊസീജ്യർ വഴി ഗ്ലാസ് പുറത്തെടുക്കാൻ ശ്രമിച്ചുവെങ്കിലും ഈ ശ്രമം പരാജയപ്പെട്ടു. തുടർന്ന് വയറ് കീറിയുള്ള മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് രോഗിയുടെ വയറ്റിൽ നിന്ന് ഗ്ലാസ് പുറത്തെടുത്തത്.
രോഗിയുടെ നില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. എങ്ങനെയാണ് ഗ്ലാസ് വയറിലെത്തിയത് എന്ന ചോദ്യത്തിന് ചായ കുടിക്കുന്നതിനിടെ ഗ്ലാസ് വിഴുങ്ങിപ്പോവുകയായിരുന്നു എന്നാണ് രോഗി ഉത്തരം നൽകിയത്. എന്നാൽ എങ്ങനെയാണ് അത്ര വലിയ ഗ്ലാസ് വിഴുങ്ങിപ്പോകുന്നതെന്ന സംശയം മാത്രം ഇപ്പോഴും ബാക്കി നിൽക്കുന്നു.