ഇന്ത്യ വെസ്റ്റിൻഡീസ് ട്വന്റി 20 ഇന്ന് രാത്രി 7.30 മുതൽ‍


ഇന്ത്യ−വെസ്റ്റിൻഡീസ് ട്വന്റി−20 പരമ്പരയിലെ ഒന്നാം മത്സരം ഇന്ന് രാത്രി 7.30 മുതൽ‍ കൊൽ‍ക്കത്തയിലെ ഈഡൻ ഗാർ‍ഡൻസിൽ‍ നടക്കും. ഏകദിനത്തിൽ‍ പരമ്പര തൂത്തുവാരിയത് പോലെ ട്വന്റി−20 അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ‍. ട്വന്റി−20യിൽ‍ വിന്‍ഡീസിന്റേത് വളരെ ശക്തമായ ടീമാണ്. ഇംഗ്ലണ്ടിനെതിരായ ട്വന്റി−20 പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് അവർ‍ കളത്തിലിറങ്ങുന്നത്.

കെ.എൽ‍ രാഹുലിന് പരിക്കേറ്റതിനാൽ‍ റിഷഭ് പന്തായിരിക്കും വിൻഡീസിനെതിരായ ട്വന്റി−20 പരമ്പരയിൽ‍ ഇന്ത്യയുടെ വൈസ് ക്യാപ്ടനാകുകയെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇന്ത്യയുടെ ഭാവി ക്യാപ്ടൻ എന്ന നിലയിൽ‍ പരിഗണിക്കപ്പെടുന്ന താരമാണ് പന്ത് എന്ന തരത്തിലുള്ള ചർ‍ച്ച ശരിവയ്ക്കുന്നതാണ് സെലക്ഷൻ കമ്മിറ്റിയുടെ ഈ തീരുമാനം.

ക്യാപ്ടൻ കീറോൺ പൊള്ളാഡ് പരിക്കിന്റെ പിടിയിലായതിനാൽ‍ ഇന്ന് വിൻഡീസിനായി കളിക്കാനിറങ്ങുമോയെന്ന കാര്യത്തിൽ‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിക്ക് മൂലം അവസാന രണ്ട് ഏകദിനങ്ങളും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പൊള്ളാഡ് കളിച്ചില്ലെങ്കിൽ‍ വെറ്റ്റൻ ആൾ‍റൗണ്ടർ‍ ഡ്വെയിൻ ബ്രാവോയൊ റോസ്റ്റൺ ചേസോ ആദ്യ പതിനൊന്നിൽ‍ ഇടം പിടിക്കാനാണ് സാധ്യത.

8 മാസം കഴിഞ്ഞ് നടക്കുന്ന ലോകകപ്പ് ലക്ഷ്യം വച്ചുള്ള മുന്നൊരുക്കങ്ങളുടെ തുടക്കമാണ് രോഹിത് ശർ‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിന് ഈ പരമ്പര. ഇന്ത്യൻ‍ നായകൻ രോഹിത് ശർ‍മ്മയും ബാറ്റിംഗ് കോച്ച് വിക്രം രാത്തോറും കഴിഞ്ഞ ദിവസം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാൽ‍ വലിയ ടൂർ‍ണമെന്റുകൾ‍ക്ക് മുന്നോടിയായി നടക്കുന്ന മത്സരങ്ങളെ പരീക്ഷണം എന്ന് പറയുന്നത് ശരിയല്ലെന്നും അത് യുവതാരങ്ങളെ സമ്മർ‍ദ്ദത്തിലാക്കുമെന്നും രോഹിത് വ്യക്തമാക്കി. യുവതാരങ്ങൾ‍ക്ക് കൂടുതൽ‍ അവസരങ്ങൾ‍ നൽ‍കി, ടീമിൽ‍ ആവശ്യമുള്ള ഭാഗത്തെ വിടവുകൾ‍ നികത്താൻ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരം സ്പിന്നർ‍ കുൽ‍ദീപ് യാദവിനെ ഇന്ത്യൻ ടീമിൽ‍ ഉൾ‍പ്പെടുത്തിയിട്ടുണ്ട്. രാഹുൽ‍, അക്ഷർ‍ എന്നിവരും പരിക്ക് മൂലം പുറത്തിരിക്കുന്നതിനാൽ‍ കൂടുതൽ‍ യുവതാരങ്ങൾ‍ക്ക് അവസരം ലഭിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed