ആര്യൻ ഖാനെ മോചിപ്പിക്കുന്നതിന് ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടു; വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്


മുംബൈ: ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ‍ കൈക്കൂലി ആരോപണം ഉയർ‍ന്നതോടെ അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘത്തിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് എൻസിബി. ഏജൻസിയുടെ ഡെപ്യൂട്ടി ഡയറക്ടർ‍ ജനറലായ ഗ്യാനേശ്വർ‍ സിംഗാണ് അന്വേഷണത്തിന് നേതൃത്വം നൽ‍കുക. ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ ഖാനെ മോചിപ്പിക്കുന്നതിനു പിതാവ് ഷാരൂഖ് ഖാനോടു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരും മറ്റുചിലരും 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് കേസിലെ ദൃക്സാക്ഷി വെളിപ്പെടുത്തിയത്. കേസിലെ സാക്ഷിയായ പ്രഭാകർ‍ സയിലിന്‍റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർ‍ട്ട് മുംബൈയിലെ എൻസിബി ഉദ്യോഗസ്ഥർ‍ ഡയറക്ടർ‍ ജനറലിന് കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. 

എൻസിബി ഉദ്യോഗസ്ഥരും ഗോസവിയും സാം ഡിസൂസ എന്നയാളും ചേർന്നാണ് 25 കോടി കൈക്കൂലി ആവശ്യപ്പെട്ടതെന്നാണു പ്രഭാകർ സയിലിന്‍റെ ആരോപണം. ഗോസവിയുടെ സുരക്ഷാഗാർഡാണു പ്രഭാകർ സയിൽ. സാം ഡിസൂസയും ഗോസവിയും തമ്മിൽ 18 കോടി രൂപയുടെ ഇടപാട് നടത്തുന്നതു താൻ കേട്ടെന്നും ഇതിൽ 8 കോടി രൂപ സമീർ വാങ്കഡെയ്ക്കു നൽകിയെന്നുമാണു സയിൽ പറയുന്നത്. ഗോസവി തന്‍റെ കൈയിലും പണം തന്നെന്നും അതു സാം ഡിസൂസയ്ക്കു കൈമാറിയെന്നും പ്രഭാകർ പറഞ്ഞു. ഗോസവി ഒളിവിലാണെന്നും തന്‍റെ ജീവനു ഭീഷണിയുണ്ടെന്നും പ്രഭാകർ തുടർന്നു. എൻസിബി സോണൽ ഡ‍യറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ ഈ മാസം മൂന്നിനാണ്, മുംബൈ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലിൽ റെയ്ഡ് നടത്തി ആര്യൻ ഉൾപ്പെടെ പ്രതികളെ അറസ്റ്റ്ചെയ്തത്. ജാമ്യം ലഭിക്കാത്തതിനെത്തുടർന്ന് മുംബൈ ആർതർ റോഡ് ജയിലിൽ വിചാരണത്തടവുകാരനായി തുടരുകയാണ് ആര്യൻ.

You might also like

  • Straight Forward

Most Viewed