കളിയാക്കലും ഒറ്റപ്പെടുത്തലും; പീഡനത്തിനിരയായ പത്ത് വയസ്സുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്തു
കോട്ടയം: കുറിച്ചിയിൽ പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ പിതാവ് ജീവനൊടുക്കിയത് സമീപവാസികളുടെ കളിയാക്കലിനെ തുടർന്നെന്ന് ബന്ധുക്കൾ. പീഡന പരാതിക്ക് ശേഷം പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ സമൂഹം ഒറ്റപ്പെടുത്തിയതായി പെൺകുട്ടിയുടെ കുടുംബം പറയുന്നു. കേസ് ഒത്തുതീർപ്പാക്കാൻ പണം വാങ്ങിയെന്ന് ചിലർ പ്രചാരണം നടത്തി. കഴിഞ്ഞ ദിവസവും വീടിന് പുറത്തിറങ്ങിയപ്പോൾ സംശയത്തോടെയാണ് ആളുകൾ നോക്കിയത്. ഇതൊക്കെ പെൺകുട്ടിയുടെ പിതാവിന് വലിയ മനോവിഷമമുണ്ടാക്കിയെന്നും തുടർന്നാണ് ജീവനൊടുക്കിയതെന്നും ബന്ധുക്കൾ പറഞ്ഞു. പെണ്‍കുട്ടിയെ ഒരു മാസത്തോളം പീഡിപ്പിച്ച പലചരക്ക് കടയുടമ ശനിയാഴ്ചയാണ് അറസ്റ്റിലായത്.
കുറിച്ചി സ്വദേശി യോഗിദാസൻ (74) ആണ് അറസ്റ്റിലായത്.പലചരക്ക് കടയിൽ സാധനം വാങ്ങാനെത്തിയപ്പോഴാണ് കുട്ടിയെ കടയിൽ വച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിനു ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു പിതാവ്.
