ബോ​ളി​വു​ഡ് ഇ​തി​ഹാ​സ താ​രം ദി​ലീ​പ് കു​മാ​ർ അ​ന്ത​രി​ച്ചു


മുംബൈ: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാർ (98) അന്തരിച്ചു. ന്യുമോണിയയെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സൈറ ബാനു. ആറു ദശാബ്ദത്തോളം വെള്ളിത്തിരയിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്. യൂസഫ് ഖാനാണ് ദിലീപ് കുമാർ എന്ന പേരിൽ ബോളിവുഡിന്‍റെ സുവർണ കാലഘട്ടത്തെ മുന്നോട്ടു നയിച്ചത്. ആറു പതിറ്റാണ്ടായി സിനിമയിലുണ്ടായിരുന്ന അദ്ദേഹം 62 സിനിമകളിലാണ് അഭിനയിച്ചത്. 1922 സിസംബറിൽ പാക്കിസ്ഥാനിലെ പെഷവാറിൽ ലാല ഗുലാം സർവാർ ഖാന്‍റെ 12 മക്കളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാൻ ജനിച്ചത്. പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം എട്ടാം വയസിൽ മുഹമ്മദ് മുംബൈയിലെത്തി.

1944ൽ ദേവിക റാണി നിർമിച്ച ജ്വാർ ഭട്ട എന്ന സിനിമയിൽ നായകനായി ദിലീപ് കുമാർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. പ്രശസ്ത ഹിന്ദി സാഹിത്യകാരൻ ഭഗവതി ചരൺ വർമയാണ് മുഹമ്മദ് യൂസഫ് ഖാന്‍റെ പേര് ദിലീപ് കുമാർ എന്നാക്കിയത്. നയാ ദൗർ, മുഗൾ ഇ ആസാം, ദേവ്‌ദാസ്, റാം ഔർ ശ്യാം, അൻഡാസ്, മധുമതി, ഗംഗാ യമുന തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ. 1998ൽ പുറത്തിറങ്ങിയ "ക്വില” ആണ് അവസാന ചിത്രം. രാജ്യത്തെ പരമോന്നത ബഹുമതികളിൽ പലതും അദ്ദേഹത്തെ തേടിയെത്തി. 1991-ൽ പത്മഭൂഷൻ സൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1994-ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡും ദിലീപ് കുമാറിന് ലഭിച്ചു. 2015-ൽ പത്മവിഭൂഷൻ നൽകിയും രാജ്യം ആദരിച്ചു. ഫിലിംഫെയറിൽ‍ എട്ടു തവണ മികച്ച നടനായി ദിലീപ് കുമാർ. 1998-ൽ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ ഇ ഇംതിയാസ് നൽകി പാക്കിസ്ഥാനും ദിലീപ്കുമാറിനെ ആദരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed