രണ്ടിലധികം കുട്ടികളുള്ളവർക്ക് ഇനി സർക്കാർ ആനുകൂല്യം ഇല്ലെന്ന് അസം മുഖ്യമന്ത്രി
ഗുവാഹട്ടി : സംസ്ഥാനത്ത് രണ്ട് കുട്ടികൾ നയം കർശനമായി നടപ്പിലാക്കാൻ ഒരുങ്ങി അസം സർക്കാർ. രണ്ടിൽ കൂടുതൽ കുട്ടികളുളള കുടുംബങ്ങൾ കേന്ദ്ര− സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ നൽകേണ്ടതില്ലെന്നാണ് ഹിമന്ത സർക്കാരിന്റെ തീരുമാനം. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്.
ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി രണ്ട് കുട്ടികൾ നയം സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കും. കേന്ദ്ര−സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ രണ്ട് കുട്ടികൾ മാത്രമുള്ള കുടുംബങ്ങൾക്ക് മാത്രമായി ചുരുക്കാനാണ് തീരുമാനം. രണ്ടിലധികം കുട്ടികളുള്ളവരെ ആനുകൂല്യങ്ങൾക്കായി പരിഗണിക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
ജൂൺ മാസം ആദ്യവാരമാണ് ജനസംഖ്യാ നിയന്ത്രണത്തിനായി കുടുംബാസൂത്രണ നയം നടപ്പിലാക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചത്. ഇതിനായി ന്യൂന പക്ഷങ്ങളോട് കുടുംബാസൂത്രണ നയം സ്വീകരിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ആനുകൂല്യം നൽകില്ലെന്ന് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ജന സംഖ്യ വർദ്ധിക്കുന്നത് ദാരിദ്ര്യത്തിനും, ഭൂമി കയ്യേറ്റങ്ങൾ മുതലായവ വർദ്ധിക്കുന്നതിനും കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കുട്ടികൾ നയം നടപ്പിലാക്കാൻ അസം സർക്കാർ തീരുമാനിച്ചത്.