ബിഹാർ തെരഞ്ഞെടുപ്പ് ഫലം വരാൻ വൈകും: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
പാട്ന: ബിഹാറിൽ അന്തിമ തെരഞ്ഞെടുപ്പ് ഫലം വരാൻ അർധരാത്രി വരെ കാത്തിരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. 4.10 കോടി വോട്ടുകളിൽ ഒരു കോടി വോട്ടുകളാണ് എണ്ണി തീർന്നത്. ഇവിഎം എണ്ണം വർധിപ്പിച്ചതിനാലാണ് വോട്ടെണ്ണൽ വൈകുന്നതെന്ന് എച്ച്ആർ ശ്രീനിവാസ് പറഞ്ഞു. വോട്ടെണ്ണൽ പ്രക്രിയയ്ക്ക് മറ്റ് തടസങ്ങളൊന്നും ഇല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
ഒരു കോടി വോട്ടെണ്ണി കഴിഞ്ഞപ്പോൾ എൻഡിഎയ്ക്ക് മികച്ച ലീഡാണ് ലഭിച്ചിരിക്കുന്നത്. 132 സീറ്റിൽ എൻഡിഎ മുന്നേറുകയാണ്. കനത്ത തിരച്ചടി നേരിട്ടിരിക്കുകയാണ് ജെഡിയു. മഹാഘട്ബന്ധൻ 100 സീറ്റുകളിൽ മുന്നേറുകയാണെങ്കിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനാകാത്തതിന്റെ നിരാശയിലാണ് കോൺഗ്രസും ആർജെഡിയും. എന്നാൽ മത്സരിച്ച 29 മണ്ഡലങ്ങളിൽ 19 ഇടത്തും ഇടത് പാർട്ടികൾ മുന്നേറി.

