കോവിഡ് പ്രതിരോധത്തിനായുള്ള പൊതുവിടങ്ങളിലെ അണുനാശിനി പ്രയോഗത്തിന് സുപ്രീംകോടതിയുടെ വിലക്ക്
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും അണുനാശിനികൾ ഉപയോഗിക്കരുതെന്നു സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കെമിക്കൽ അടങ്ങിയ അണുനാശിനികൾ മനുഷ്യരിൽ ഉപയോഗിക്കരുത്. അണുനാശിനി ടണലുകൾ സുപ്രീംകോടതി നിരോധിച്ചു. ഇവ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കോടതി വ്യക്തമാക്കി.
മനുഷ്യന് ദോഷകരമായ ഫലങ്ങൾ കണക്കിലെടുത്ത് അൾട്രാവയലറ്റ് രശ്മികളുട ഉപയോഗത്തിന് ആവശ്യമായ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊറോണ ബാധിതരുടെ വീടിന് പുറത്ത് പോസ്റ്ററുകൾ പതിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ജീവിക്കാനുള്ള അവകാശത്തിന്റെയും സ്വകാര്യതയുടെയും ലംഘനമാണിതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. അണുനാശിനികള്‍ ശരീരത്തില്‍ പ്രയോഗിക്കുന്നത് കൊവിഡില്‍ നിന്ന് സംരക്ഷണം നല്‍കില്ല എന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ലോറിന്‍ പോലുള്ള രാസവസ്തുക്കള്‍ പ്രയോഗിക്കുന്നത് കണ്ണുകള്‍ക്കും ചര്‍മ്മത്തിനും ദോഷമാണെന്നും ശ്വസനപ്രക്രിയക്കും ദഹനപ്രക്രിയക്കും ദോഷമാണെന്നും ലോകാരോഗ്യ സംഘടന പ്രതികരിച്ചിരുന്നു.
തെരുവുകളും മാര്‍ക്കറ്റുകളും ഉള്‍പ്പടെയുള്ള തുറസായ ഇടങ്ങളില്‍ അണുനാശിനി തളിക്കുന്നത് നോവൽ കൊറോണ വൈറസിനെ ഇല്ലാതാക്കില്ല. അണുനാശിനി പ്രയോഗം ശാരീരികമായും മാനസികമായും ഹാനികരമാണ്. വൈറസ് ബാധിച്ചയാളില്‍ നിന്ന് ശരീരദ്രവങ്ങളിലൂടെയും സമ്പര്‍ക്കത്തിലൂടെയും രോഗം വ്യാപിക്കാനുള്ള സാധ്യത ഇതുവഴി കുറയില്ല എന്നും പഠനങ്ങളിൽ വ്യക്തമായിരുന്നു.

