ലോക്ക് ഡൗണിനെ തുടർന്ന് റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകൾക്ക് മുഴുവൻ തുകയും തിരിച്ചു നൽകണം: സുപ്രീം കോടതി

ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകൾക്കു മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് സുപ്രീം കോടതി. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അന്തിമ വിധി പുറപ്പെടുവിക്കേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡോണിനെ തുടർന്നു ആഭ്യന്തര അന്താരാഷ്ട്ര വിമാനയാത്രകളെല്ലാം റദ്ദാക്കപ്പെട്ടതിനെത്തുടർന്നു എല്ലാ യാത്രക്കാർക്കും ഫുൾ റീഫണ്ട് നൽകാത്ത വിമാന കന്പനികളുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ നിലപാടറിയിച്ച കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ വിധി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇതനുസരിച്ചു ലോക്ഡോൺ സമയത്തു ബുക്ക് ചെയ്ത മുഴുവൻ ടിക്കറ്റുകൾക്കും റദ്ദുചെയ്യപ്പെട്ട വിമാനയാത്രയുടെ മുഴുവൻ തുകയും മൂന്ന് ആഴ്ചക്കകം വിമാനക്കന്പനികൾ യാത്രക്കാർക്ക് നൽകേണ്ടതാണ്. ലോക്ക് ഡൗണിനു മുന്പ് ബുക്ക് ചെയ്ത ടിക്കറ്റുകളെ സംബന്ധിച്ചും മൂന്ന് ആഴ്ചക്കകം തുക തിരിച്ചു നൽകേണ്ടതാണ്. എന്നാൽ വിമാനക്കന്പനികൾക്കു സാന്പത്തിക ബുദ്ധിമുട്ടുണ്ട് എങ്കിൽ തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരിൽ നൽകേണ്ടതും ക്രഡിറ് ഷെല്ലിലെ പണമുപയോഗിച്ചു യാത്രക്കാർക്ക് 2021 മാർച്ച് മാസം 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരവുമുണ്ട്. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്യാത്തവർക്ക് മാർച്ചു 31നകം. 75 % മാസ പലിശയോടെ (വർഷം 9 %) തുക തിരുച്ചു നൽകണമെന്നും വിധിയിൽ പറയുന്നു.