യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു
ലഖ്നൗ: യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊൻപതുകാരി മരിച്ചു. ഡൽഹി എയിംസിൽ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയിരുന്നുവെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. അതീവ ഗുരുതരാവസ്ഥയിലായിരുന്നു പെൺകുട്ടി. അതേസമയം കേസിലെ നാല് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 14ാം തിയതിയായിരുന്നു സംഭവം. പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തിരുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്‌റാസിലാണ് നാല് പേർ ചേർന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകൾ ഉണ്ടെന്നും പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ഡോക്ടർ സ്ഥിരീകരിച്ചിരുന്നു.
കൃഷിയിടത്തിൽ പുല്ലുപറിക്കാൻ അമ്മയ്ക്കും സഹോദരനും ഒപ്പം പോയ പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. വീട്ടുകാർ ചുറ്റുമില്ലാതിരുന്ന സമയത്ത് ധരിച്ചിരുന്ന ചുരിദാറിന്റെ ഷോൾ കുരുക്കി വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് സഹോദരൻ ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു. പിന്നീട് ബോധരഹിതയായ മകളെ അമ്മ കണ്ടെത്തുകയായിരുന്നു.
