അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ അഞ്ചു യുവാക്കളെ ചൈനീസ് സൈന്യം ഇന്ത്യയ്ക്കു കൈമാറി

ന്യൂഡൽഹി: ഈ മാസമാദ്യം അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമത്തിൽനിന്നു കാണാതായ അഞ്ചു യുവാക്കളെ ചൈനീസ് സൈന്യം ഇന്ത്യയ്ക്കു കൈമാറി. വേട്ടക്കാരായ യുവാക്കളെ സെപ്റ്റംബർ രണ്ടു മുതലാണു കാണാതായതെന്നു സൈന്യം അറിയിച്ചു. എന്നാൽ ഇവർ ചുമട്ടുകാരാണെന്നാണു കുടുംബവും നാട്ടുകാരും പറയുന്നത്. ‘അപ്പർ സുബാൻസിരിയിൽ യഥാർത്ഥ നിയന്ത്രണ രേഖയുടെ ഇന്ത്യൻ ഭാഗത്തുനിന്നു സപ്റ്റംബർ രണ്ടു മുതൽ കാണാതായ അഞ്ചു വേട്ടക്കാരെ, ഇന്ത്യൻ സൈന്യത്തിന്റെ നിരന്തര ഇടപെടലിന്റെ ഫലമായി കണ്ടെത്തി. കാണാതായ ഇന്ത്യക്കാരെ അവരുടെ ഭാഗത്തു കണ്ടെത്തിയെന്നു ചൈനീസ് സേന സെപ്റ്റംബർ എട്ടിനു ഹോട്‍ലൈനിലൂടെ സ്ഥിരീകരിച്ചിരുന്നു. 12ന് ഇവരെ കൈമാറി.’– തേസ്‌പുർ ഡിഫൻസ് പിആർഒ ട്വിറ്ററിൽ അറിയിച്ചു.
അരുണാചൽ പ്രദേശിൽനിന്നുള്ള യുവാക്കൾ അതിർത്തി കടന്ന് എത്തിയതായി പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) അറിയിച്ചെന്നും ശനിയാഴ്ച ഏതു സമയത്തും കൈമാറിയേക്കാമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അതിർത്തിയിൽ ഇരു രാജ്യത്തെയും സൈന്യങ്ങൾ സംഘർഷാവസ്ഥയിൽ തുടരുമ്പോഴാണു ചൈനയുടെ ഈ നടപടിയെന്നതു ശ്രദ്ധേയമാണ്.