മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം


തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരെ വ്യാപക പ്രതിഷേധം. മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് പ്രതിഷേധം. യൂത്ത് ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിക്കോട് യൂത്ത് ലീഗ് സംഘടിപ്പിച്ച മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്കാണ് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് സംഘടിപ്പിച്ചത്. കമ്മീഷണർ ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് പ്രവർത്തകരെ തടഞ്ഞു. തുടർന്ന് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കമ്മീഷണർ ഓഫീസിന് മുന്നിൽ നിലയുറപ്പിച്ച് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.
മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ ഉൾപ്പെടെയാണ് മാർച്ച് സംഘടിപ്പിക്കുന്നത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ വിശദീകരണത്തിൽ ഇഡി ഉദ്യോഗസ്ഥർ തൃപ്തരല്ലെന്നാണ് വിവരം. മന്ത്രിയെ ചോദ്യം ചെയ്യാൻ കസ്റ്റംസും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വിവിധയിടങ്ങളിൽ വ്യാപക പ്രതിഷേധം അരങ്ങേറുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed