മധ്യപ്രദേശ് ശിവസേന മുൻ അദ്ധ്യക്ഷനെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തി
ഭോപ്പാൽ: മധ്യപ്രദേശിൽ ശിവസേന മുൻ അദ്ധ്യക്ഷനെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് രമേശ് സാഹു (70) കൊല്ലപ്പെട്ടത്. ഇൻഡോർ തേജാജി നഗറിലെ വീട്ടിൽ അതിക്രമിച്ചു കയറിയ മുഖംമൂടി സംഘം ഉറങ്ങിക്കിടക്കുകയായിരുന്ന രമേശ് സാഹുവിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ സാഹുവിന്‍റെ ഭാര്യ ഗീത സാഹു(65), മകൾ ജയ സാഹു (42) എന്നിവർക്കു പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്. നാടൻ തോക്ക് ഉപയോഗിച്ചാണ് അക്രമികൾ വെടിയുതിർത്തത്. ഉടൻതന്നെ സാഹുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് തേജാജി നഗർ പോലീസ് ഇൻസ്പെക്ടർ ആർ.എൻ.എസ്. ബദൂരിയ പറഞ്ഞു.
വീടിനു പുറത്തു ശബ്ദം കേട്ടാണ് മകൾ വാതിൽ തുറന്നത്. വാതിൽ തുറന്നതോടെ മുഖംമൂടി ധരിച്ച അക്രമികൾ വടിയും കത്തിയുമായി അകത്തുകയറി ഗീതയെയും മകളെയും ആക്രമിച്ച് ആഭരണങ്ങളും പണവും കവർന്നു. തുടർന്നു രമേശ് ഉറങ്ങുന്ന മുറിയിൽ കയറി വെടിവയ്ക്കുകയായിരുന്നു. ഉടൻതന്നെ സംഘം വീടുവിട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. മോഷ്ടാക്കളാണ് കൊലപാതകം നടത്തിയതെന്നാണു പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. 1991 മുതൽ 2000 വരെ ശിവസേന സംസ്ഥാന പ്രസിഡന്‍റായിരുന്നു രമേശ് സാഹു.

