കോൺഗ്രസിൽ അടിമുടി മാറ്റം വേണം; സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്. കപിൽ സിബൽ, ശശി തരൂർ, മനീഷ് തിവാരി തുടങ്ങി 23 നേതാക്കളാണ് പാർട്ടി താൽക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയത്. നിർണായകമായ പാർട്ടി പ്രവർത്തക സമിതി തിങ്കളാഴ്ച ചേരാനിരിക്കെയാണ് മുതിർന്ന നേതാക്കളുടെ നീക്കം.
പാർട്ടിക്ക് പൂർണസമയ നേതൃത്വം വേണമെന്ന് നേതാക്കൾ കത്തിൽ ആവശ്യപ്പെടുന്നു. രാജ്യം വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഈ ഘട്ടത്തിൽ കോൺഗ്രസ് പ്രതികരണം നിരാശാജനകമാണ്. അതിനാൽ പാർട്ടിയുടെ മേൽതട്ടുമുതൽ കീഴ്ഘടകങ്ങളിൽ വരെ അടിമുടി മാറ്റമുണ്ടാകണമെന്ന് കത്തിൽ നേതാക്കൾ നിർദ്ദേശിച്ചു. പാർട്ടിയിൽ അധികാര വികേന്ദ്രീകരണം കൊണ്ടുവരണം, സംസ്ഥാന ഘടകങ്ങൾ ശക്തിപ്പെടുത്തണം, ബ്ലോക്ക് തലം മുതൽ വർക്കിംഗ് കമ്മിറ്റിവരെയുള്ള എല്ലാ തലങ്ങളിലും തെരഞ്ഞെടുപ്പ് നടത്തണം. കേന്ദ്ര പാർലമെന്‍ററി ബോർഡ് ഉടൻ സംഘടിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കോൺഗ്രസിനെ പുനഃരുജ്ജീവിപ്പിക്കേണ്ടത് ജനാധിപത്യത്തിന്‍റെ മുന്നോട്ടുള്ള പോക്കി അനിവാര്യമാണെന്ന് കത്തിൽ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
രാജ്യസഭാ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് ഗുലാം നബി ആസാദ്, മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ, മനീഷ് തിവാരി, വിവേക് തൻക, പ്രവർത്തക സമിതി അംഗം മുകുൾ വാസ്‌നിക്, ജിതിൻ പ്രസാദ, മുൻ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായിരുന്ന ഭൂപേന്ദ്രസിംഗ് ഹൂഡ, രാജേന്ദർ കൗർ ഭട്ടൽ, വിരപ്പ മൊയ്‌ലി, പൃഥ്വിരാജ് ചവാൻ, പി.ജെ. കുര്യൻ, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദേവ്‌റ, മുൻ പിസിസി അധ്യക്ഷന്‍മാരായ രാജ് ബബ്ബർ, അര്‍വിന്ദർ സിംഗ് ലവ്‌ലി, കൗൾ സിംഗ് താക്കൂർ, അഖിലേഷ് പ്രസാദ് സിംഗ്, മുൻ ഹരിയാന സ്പീക്കർ കുൽദീപ് ശർമ, മുൻ ഡൽഹി സ്പീക്കർ യോഗനാഥ് ശാസ്ത്രി, മുൻ എംപിയായ സന്ദീപ് ദീക്ഷിത് എന്നിവരാണ് കത്തിൽ ഒപ്പുവച്ച പ്രമുഖർ.

