വിവാദത്തിന് വിരാമം; ബുദ്ധൻ ജനിച്ചത് നേപ്പാളിൽ തന്നെയെന്ന് എസ്. ജയശങ്കർ

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ ഗൗതമബുദ്ധന്‍റെ ജന്മദേശം നേപ്പാൾ തന്നെയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ബുദ്ധൻ ജനിച്ചത് ഇന്ത്യയിലാണെന്ന് ജയശങ്കർ പറഞ്ഞതായി നേപ്പാളിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിവാദമുടലെടുത്തത്. തുടർന്ന് ശ്രീ ബുദ്ധന്‍റെ ജന്മദേശം നേപ്പാളാണെന്ന് വ്യക്തമാക്കിയ ജയശങ്കർ, ബുദ്ധപാരന്പര്യം നമ്മൾ പങ്കിട്ടെന്നും ബുദ്ധന്‍റെ ജന്മദേശം നേപ്പാളിലെബിനിയാണെന്നതിൽ സംശയമില്ലെന്നും പറഞ്ഞു.
ശനിയാഴ്ച നടന്ന വെബ്ബിനാറിൽ ഇന്ത്യയുടെ ധാർമ്മിക നേതൃത്വത്തിൽ എങ്ങനെയാണ് ബുദ്ധനും ഗാന്ധിയും ഇപ്പോഴും പ്രസക്തമാകുന്നതെന്ന് ജയശങ്കർ സൂചിപ്പിച്ചിരുന്നു. എന്നാൽ, ബുദ്ധന്‍റെ ജന്മദേശം ഇന്ത്യയാണെന്ന് ജയശങ്കർ പറഞ്ഞെന്ന തരത്തിലാണ് നേപ്പാളിലെ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇരുരാജ്യങ്ങളും ബുദ്ധ പൈതൃകത്തെ പങ്കിട്ടെടുത്തത് പരാമർശിക്കുകയാണ് മന്ത്രിചെയ്തതെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. നേപ്പാളിലെ ലുംബിനിയിലാണ് ഗൗതമ ബുദ്ധൻ ജനിച്ചത് എന്നതിൽ സംശയമില്ലെന്നും ശ്രീവാസ്തവ പറഞ്ഞു.