രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 45,720 പേർക്ക്
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. 12,38,635 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 45,720 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 1,129 പേർ മരിക്കുകയും ചെയ്തു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗബാധ കണക്കാണിത്. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 3,37,607 ആയി. 12,556 പേരാണ് ഇവിടെ രോഗം ബാധിച്ചു മരിച്ചത്. സംസ്ഥാനത്ത് രോഗം ഏറ്റവും മോശകരമായി ബാധിച്ചിരിക്കുന്നത് മുംബൈയിലാണ്. തമിഴ്‌നാട്ടിൽ രോഗം ബാധിച്ചവരുടെ എണ്ണം 1,86,492 ആയി. 3,144 പേർ ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു. രാജ്യതലസ്ഥാനത്തെയും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 1,26,323 പേർക്കാണ് ഡൽഹിയിൽ കോവിഡ് ബാധിച്ചത്. 3,719 പേർ സംസ്ഥാനത്ത് മരിച്ചു.


