സാത്താൻകുളം കസ്റ്റഡി മരണം: എസ്.ഐ അടക്കം 4 പോലീസുകാർ പിടിയിൽ
ചെന്നൈ: സാത്താൻകുളം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട്‍ നാല് പൊലീസുകാർ കൂടി അറസ്റ്റിൽ. എസ്.ഐ ബാലകൃഷ്ണൻ, മുത്തുരാജ്, മുരുകൻ, ഒളിവിലായിരുന്ന ഇൻസ്പെക്ടർ ശ്രീധർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ക്രൈംബ്രാഞ്ച് സിഐഡി അറസ്റ്റ് ചെയ്തതവരുടെ എണ്ണം അഞ്ചായി ഉയർന്നു. കസ്റ്റഡി കൊലപാതകത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുകയാണ്. പൊലീസുകാരുടെ അറസ്റ്റ് വിവരം പുറത്ത് വന്നതോടെ ജനങ്ങൾ തെരുവിലിറങ്ങി പടക്കം പൊട്ടിച്ചു.
കേസിൽ മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിന്‍റെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് സിഐഡി ഇന്നലെയാണ് അന്വേഷണം ആരംഭിച്ചത്. തിരുനെൽവേലി ഡെപ്യൂട്ടി സൂപ്രണ്ട് അനിൽകുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. വനിതാ കോൺസ്റ്റബിളിന്‍റേയും കൊല്ലപ്പെട്ട വ്യാപാരികളുടെ കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തി.
ലോക്ക്ഡൗൺ ലംഘിച്ചു കട തുറന്നതിന് കസ്റ്റഡിയിലായ തടിവ്യാപാരിയായ ജയരാജനും മകൻ ബനിക്സും പൊലീസ് കസ്റ്റഡിയിലെ മർദ്ദനത്തിൽ കൊല്ലപ്പെടുകയായിരുന്നു. എന്നാൽ ബെനിക്സിന്‍റെ മൊബൈൽ കടയിൽ രാത്രി ഒന്പതുമണിക്ക് വൻ ജനകൂട്ടം ആയിരുന്നെവന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെനിക്സ് ആക്രമിച്ചുവെന്നുമാണ് പൊലീസിന്‍റെ എഫ്ഐആർ.

