ആഘോഷങ്ങളില്ലാതെ രാഹുൽ ഗാന്ധിയുടെ അമ്പതാം പിറന്നാൾ


ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെയും അതിർത്തിയിലെ ജവാന്മാരുടെ വീരമൃത്യുവിന്‍റെയും പശ്ചാത്തലത്തിൽ ഇത്തവണത്തെ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി രാഹുൽ ഗാന്ധി. കോൺഗ്രസ് മുൻ അധ്യക്ഷന്‍റെ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാന-ജില്ലാ യൂണിറ്റുകൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.

ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ഇരുപത് സൈനികർക്കാണ് ജീവൻ നഷ്ടമായത്. ഇതിനൊപ്പം കോവിഡ് പ്രതിസന്ധിയും രാജ്യത്തെ ബാധിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ഒരു ആഘോഷവും പാടില്ലെന്ന് എല്ലാ യൂണിറ്റുകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. AICC ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇക്കാര്യം വിവിധ യൂണിറ്റുകളോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. ആഘോഷങ്ങള്‍ക്ക് പകരം പ്രതിസന്ധി കാലഘട്ടത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനാണ് നിർദേശം.

ഭക്ഷണകിറ്റുകൾ വിതരണം ചെയ്തും കമ്മ്യൂണിറ്റി കിച്ചൺ വഴി പാവപ്പെട്ടവർക്ക് ഭക്ഷണം നൽകിയും ഈ ബുദ്ധിമുട്ടിന്‍റെ കാലഘട്ടത്തിൽ വേദന അനുഭവിക്കുന്നവർക്കൊപ്പം നില്‍ക്കണം. ഇതിന് പുറമെ ജന്മനാടിന് വേണ്ടി ജീവൻ ബലി നൽകിയ സൈനികരുടെ ഓർമ്മയ്ക്കായി എല്ലാ യൂണിറ്റുകളും രണ്ട് മിനിറ്റ് നേരം മൗനപ്രാർഥന നടത്തണമെന്നും അറിയിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ അൻപതാം ജന്മദിനമായ ഇന്ന് കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ നാഷണൽ സ്റ്റുഡന്‍റ്സ് യൂണിയന്‍റെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം മഹാമാരിയിൽ കഷ്ടപ്പെടുന്നവർക്ക് ധനസഹായവും എത്തിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed