ഗോവയിൽ വീണ്ടും കൊവിഡ്: രോഗബാധ 7 പേർക്ക്

പനാജി: ഒരു മാസമായി കൊവിഡ് വിമുക്തമായിരുന്ന ഗോവയിൽ വീണ്ടും രോഗം സ്ഥിരീകരിച്ചു. ഏഴ് പേർക്കാണ് പുതിയതായി രോഗം പിടിപെട്ടത്. ബുധനാഴ്ച മഹാരാഷ്ട്രയിൽ നിന്നും റോഡ് മാർഗം ഗോവയിലേക്ക് എത്തിയവർക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. ഇവരെ ഗോവയിൽ എത്തിച്ച വാഹനത്തിന്‍റെ ഡ്രൈവർക്കും രോഗം പിടിപെട്ടു. ഇവരുടെ ശ്രവസാന്പിൾ നേരത്തെ തന്നെ ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു. ഗുജറാത്തിൽ നിന്നും എത്തിയ ഒരു ട്രക്ക് ഡ്രൈവർക്കും പരിശോധനയിൽ പോസിറ്റീവായിട്ടുണ്ട്. ആരോഗ്യമന്ത്രി വിശ്വജിത് റാണെ സോഷ്യൽ മീഡിയയിലൂടെയാണ് സംസ്ഥാനത്ത് വീണ്ടും രോഗബാധ കണ്ടെത്തിയ വിവരം അറിയിച്ചത്.