മഹാരാഷ്ട്രയിൽ ഒരു ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അനുമതി

മുംബൈ: ലോക്ക്ഡൗൺ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ കുടുങ്ങിയ ഒരു ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ആവശ്യമായ മെഡിക്കൽ പരിശോധനകൾക്ക് ശേഷം കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് മഹാരാഷ്ട്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ടെ വ്യക്തമാക്കി.
അഹമ്മദ്നഗർ, ബീഡ് തുടങ്ങിയ ഇടങ്ങളിൽ കരിന്പ് കൃഷിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാനാണ് അനുമതി. സ്വന്തം നാട്ടിൽ തിരിച്ചെത്തുന്ന തൊഴിലാളികൾ വീടുകളിൽതന്നെ തുടരണമെന്ന നിർദ്ദേശവും മന്ത്രി മുണ്ടെ നൽകി. മഹാരാഷ്ട്ര റവന്യു വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇവരുടെ യാത്ര, ഭക്ഷണം തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും കരിമ്പ് ഫാക്ടറി ഉടമകളാണ് ഒരുക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവന പ്രകാരം 38 കരിന്പ് ഫാക്ടറികളുടെ സമീപത്ത് ഒരുക്കിയ താൽക്കാലിക അഭയകേന്ദ്രങ്ങളിൽ 1.31 ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. നിരവധി പേർ മറ്റിടങ്ങളിലും താമസിക്കുന്നുണ്ട്. നേരത്തെ മേയ് മൂന്ന് വരെ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ബാന്ദ്ര േസ്റ്റഷനിൽ അതിഥി തൊഴിലാളികൾ ഒത്തുകൂടിയിരുന്നു.