ഭീ ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്‍റെ അറസ്റ്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും: മായാവതി

ലക്നോ: ഭീ ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്‍റെ അറസ്റ്റ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശുകാരനായ ചന്ദ്രശേഖർ ആസാദ് ഡൽഹി ജുമാ മസ്ജിദിലാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അദ്ദേഹത്തെ ബലമായി അറസ്റ്റു ചെയ്തു. ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ പ്രാദേശിക പ്രശ്നം ഉന്നയിക്കുന്നതും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും മായാവതി കൂട്ടിച്ചേർത്തു. ചന്ദ്രശേഖർ ആസാദിനെ ശനിയാഴ്ചയാണ് അറസ്റ്റു ചെയ്തത്. പിന്നീട് ആസാദിനെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ക്രിമിനൽ ഗൂഢാലോചന, കലാപം സൃഷ്ടിക്കൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള 11 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജുമാ മസ്ജിദിലെ പ്രതിഷേധത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ചന്ദ്രശേഖർ കസ്റ്റഡിയിൽ പോകാൻ തയാറായത്. ഇക്കാര്യം ട്വീറ്റ് ചെയ്തതിന് പിന്നാലെ ചന്ദ്രശേഖറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.