സംഘര്‍ഷത്തിനിടെ യുപി പോലീസ് വെടിവെച്ചില്ലെന്ന വാദം പൊളിഞ്ഞു: ദൃശ്യങ്ങള്‍ പുറത്ത്

ലക്‌നൗ: വ്യാഴാഴ്ച മുതല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ വന്‍ പ്രക്ഷോഭമാണ് ഉത്തര്‍പ്രദേശില്‍ അലയടിക്കുന്നത്. സംഘര്‍ഷത്തില്‍ ഇതുവരെ യുപിയില്‍ മരണസംഖ്യ 18 ആയി. പലരും ബുള്ളറ്റ് കൊണ്ടുള്ള പരിക്കേറ്റാണ് മരണപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടെ ഒരു ബുള്ളറ്റ് പോലും ഉതിര്‍ത്തിട്ടില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് യുപി പോലീസ്. എന്നാല്‍ പോലീസിന്റെ വാദം തള്ളി കാന്‍പൂരില്‍ യു.പി പോലീസ് വെടിവെയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിഷേധങ്ങള്‍ക്കിടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ നിരവധി തവണ ഏറ്റുമുട്ടല്‍ നടന്നിരുന്നു. കാന്‍പൂരില്‍ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.പോലീസ് വെടിവെയ്പ്പില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്ന വാദങ്ങള്‍ പോലീസ് ആവര്‍ത്തിക്കുന്നതിനിടെയാണ് ദൃശ്യം പുറത്തുവന്നത്.
കാന്‍പൂരില്‍ ശനിയാഴ്ചയോടെയാണ് പ്രതിഷേധം ആളിക്കത്തിയത്. പോലീസ് പോസ്റ്റിന് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. ദൃശ്യത്തില്‍ സുരക്ഷാ ജാക്കറ്റും ഹെല്‍മറ്റും അണിഞ്ഞ പോലീസുകാരന്‍ സംഘര്‍ഷം നടക്കുന്ന സ്ഥലത്തേക്ക് റിവോള്‍വറും ബാറ്റണുമായി നീങ്ങുന്നതും പിന്നാലെ ഒരു കോര്‍ണറിലെത്തി വെടിവെയ്ക്കുന്നതും വ്യക്തമാണ്. സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാരുടെ വെടിവെയ്പ്പില്‍ 57 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് യുപി പോലീസിന്റെ ഭാഷ്യം. വ്യാഴാഴ്ച തുടങ്ങിയ പ്രതിഷേധങ്ങളില്‍ 263 ഓളം പോലീസുകാര്‍ക്ക് പരിക്കേറ്റ്തായാണ് വിവരം. പ്രതിഷേധങ്ങള്‍ക്കു പിന്നാലെ യുപിയില്‍ 400 ഓളം ഉണ്ടയില്ലാത്ത വെടിത്തിരക്കൂടുകളാണ് കണ്ടെത്തിയത്. 13 ജില്ലകളിലായി വെള്ളിയാഴ്ച നടന്ന സംഘര്‍ഷങ്ങളിലാണ് യുപിയില്‍ 13 പേര്‍ മരിച്ചത്. സഹറന്‍പൂര്‍, ഡിയോബാന്‍ഡ്, ഷംലി, മുസാഫര്‍നഗര്‍, മീററ്റ്, ഗാസിയാബാദ്, ഹാപൂര്‍, സംബാല്‍, അലിഗട്ട്, ബഹ്‌റിച്ച്, ഫിറോസാബാദ്, കാന്‍പൂര്‍, ബദോഹി, ഗോരഖപൂര്‍ എന്നിവിടങ്ങളിലാണ് മരണം ഉണ്ടായത്. സംസ്ഥാനത്തിത്തിന്റെ വിവിധയിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. 705 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 124 കേസുകളാണ് പോലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.