മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ അരാജത്വവാദികളാകുന്നു. നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഗാലറിക്ക് വേണ്ടിയുള്ള പ്രകടനം മാത്രമാണെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന പിഎസ്‌സി എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്ത് കുപ്രചരണം വ്യാപകമാണ്. ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ സമാധാനപരമാകണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നു. അവര്‍ പ്രതിഷേധിക്കുകയാണെങ്കില്‍ അന്നത്തെ ശമ്പളം വേണ്ടെന്ന് വയ്ക്കണം, കോണ്‍ഗ്രസും സിപിഎമ്മും വിഷയത്തില്‍ അവരുടെ മുന്‍ നിലപാടുകള്‍ പരിശോധിക്കണം. ആരുടേയും പൗരത്വം നിഷേധിക്കുന്ന വ്യവസ്ഥ ബില്ലില്‍ ഇല്ല. പാക്കിസ്താനും ബംഗ്ലാദേശും അഫ്ഗാനിസ്താനും മത രാഷ്ട്രങ്ങളായതിനാലാണ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക വ്യവസ്ഥ ഏര്‍പ്പെടുത്തിയത്.’’ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തോട് എതിര്‍പ്പുള്ളവരുണ്ടാകാം അതിനെതിരെ ശബ്ദമുയര്‍ത്താം പക്ഷെ അതിന് പരിമിതികളുണ്ട്. ജനാധിപത്യത്തില്‍ സമാധാനപരമായ ശബ്ദമുയര്‍ത്തല്‍ ആകണം. പക്ഷെ ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച, രാഷ്ട്രപതി ഒപ്പിട്ട നിയമത്തോട് എതിര്‍പ്പുണ്ടെങ്കില്‍ പ്രകടിപ്പിക്കാന്‍ അതിന്റേതായ രീതികളുണ്ട്. കുടിയേറ്റക്കാരായ മുസ്ലീങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ആലോചിക്കാവുന്നതാണെന്നും വി. മുരളീധരന്‍ പറഞ്ഞു