ചത്തീസ്ഗഡിൽ മരിച്ച ഐ.ടി.ബി.പി സൈനികരിൽ ഒരു മലയാളിയും: മറ്റൊരാൾ പരിക്കുകളോടെ ആശുപത്രിയിൽ
ന്യൂഡൽഹി: ചത്തീസ്ഗഡിൽ മരിച്ച ഐ.ടി.ബി.പി സൈനികരിൽ ഒരു മലയാളിയും ഉൾപ്പെട്ടതായി വിവരം. കോഴിക്കോട് സ്വദേശി ബിജീഷ് ആണ് മരിച്ചത്. ചത്തീസ്ഗഡിലെ നാരായൺപൂരിലാണ് സംഭവം. ഐ.ടി.ബി.പി സൈനികൻ അഞ്ച് സഹ സൈനികരെ വെടിവെച്ച് വീഴ്ത്തിയ ശേഷം സ്വയം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ആറുപേരും മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിലും മലയാളിയുണ്ട്. തിരുവനന്തപുരം സ്വദേശി എസ്.ബി ഉല്ലാസിനാണ് പരിക്കേറ്റത്. കോൺസ്റ്റബിൾറാങ്കിലൂള്ള സൈനികനാണ് സഹപ്രവർത്തകർക്കുനേരെ വെടിയുതിർത്തത്. നാരായണ്‍പൂരിൽ രാവിലെ ഒന്പതുമണിയോടെയാണ് സംഭവം. വ്യക്തിപരമായ തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് ബസ്തർ മേഖലയുടെ ചുമതലയുള്ള ഐ.ജി.പി സുന്ദരരാജ് അറിയിച്ചു. പരിക്കേറ്റവരെ ഹെലികോപ്റ്റർമാർഗം റായ്പ്പൂരിലെ ആശുപത്രിയിൽ എത്തിച്ചു. മാവോയിസ്റ്റുകളെ നേരിടാനാണ് ഐ.ടി.ബി.പി വിഭാഗത്തെയും ചത്തീസ്ഗഡിൽ വിന്യസിച്ചിരിക്കുന്നത്.

