വിശ്വാസ വോട്ടെടുപ്പ് ഉടനില്ല; മഹാരാഷ്ട്ര: ഹർജി പരിഗണിക്കുന്നത് നാളെത്തേക്ക് മാറ്റി
ന്യൂഡൽഹി: രാഷ്ട്രീയ അട്ടിമറിയിലൂടെ മഹാരാഷ്ട്രയിൽ അധികാരം പിടിച്ച ബിജെപി നടപടിക്കെതിരെ ത്രികക്ഷി സഖ്യം സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അടിയന്തര വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ശിവസേനയുടെ ആവശ്യം കോടതി തള്ളി. ജസ്റ്റീസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വിഷയത്തിൽ കേന്ദ്ര സർക്കാരിനും ദേവേന്ദ്ര ഫഡ്നാവിസിനും അജിത് പവാറിനും ത്രികക്ഷി സഖ്യത്തിനും ഉൾപ്പെടെ എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാനും സുപ്രീം കോടതി തീരുമാനിച്ചു.
സർക്കാർ രൂപീകരണത്തിന് ആധാരമായ രണ്ട് കത്തുകൾ ഹാജരാക്കണമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സർക്കാർ ഉണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ചുകൊണ്ട് ഗവർണർ നൽകിയ കത്തും എംഎൽഎമാരുടെ പിന്തുണ അറിയിച്ചുകൊണ്ട് ഫഡ്നാവിസ് നൽകിയ കത്തും ഹാജരാക്കണമെന്നാണ് നിർദേശം. തിങ്കളാഴ്ച രാവിലെ 10.30നാണ് കോടതി കേസ് പരിഗണിക്കുന്നത്. ബിജെപിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച നടപടി ശരിയായില്ലെന്ന് ത്രികക്ഷി സഖ്യത്തിനായി ഹാജരായ അഭിഭാഷകരായ കപിൽ സിബലും അഭിഷേക് മനു സിംഗ്‌വിയും ചൂണ്ടിക്കാട്ടിയിരുന്നു.

