രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ന്യായാധിപനാവാൻ ഒരുങ്ങി മായങ്ക് പ്രതാപ് സിങ്


ജയ്പുർ: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയാവാനൊരുങ്ങി ഇരുപത്തിയൊന്നുകാരന്‍. ഇരുപത്തിയൊന്നുകാരനായ മായങ്ക് 2018 ലെ രാജസ്ഥാൻ ജ്യുഡീഷ്യൽ സർവീസസ് പരീക്ഷയിൽ വിജയം നേടിയാണ് ചരിത്രം കുറിയ്ക്കാനൊരുങ്ങുന്നത്. 2014 ലാണ് മായങ്ക് അഞ്ച് കൊല്ലത്തെ എൽഎൽബി കോഴ്സിൽ പ്രവേശനം നേടിയത്. ഇക്കൊല്ലം ഏപ്രിലിൽ പഠനം പൂർത്തിയാക്കി നിയമബിരുദം കരസ്ഥമാക്കിയ മായങ്ക് സംസ്ഥാന ജുഡീഷ്യൽ പരീക്ഷ അഭിമുഖീകരിച്ചു. ജഡ്ജിമാർക്ക് സമൂഹത്തിലുള്ള സ്ഥാനവും പ്രാധാന്യവുമാണ് തന്നെ ഈ മേഖലയിലേക്ക് ആകർഷിച്ചതെന്ന് മായങ്ക് പറയുന്നു.
 
നേരത്തെ ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ പങ്കെടുക്കാനുള്ള അടിസ്ഥാനപ്രായപരിധി 23 വയസായിരുന്നു. ഇക്കൊല്ലം അത് 21 ആയി കുറച്ചിരുന്നു. അതിനാലാണ് തനിക്ക് ഇക്കൊല്ലം തന്നെ പരീക്ഷയെഴുതാൻ സാധിച്ചതെന്നും മായങ്ക് പറഞ്ഞു. പ്രായപരിധിയിൽ കുറവ് വരുത്തിയത് ജൂഡീഷ്യൽ സർവ്വീസിൽ നിലവിലുള്ള ഒഴിവുകൾ നികത്താൻ സഹായമാവുമെന്നും ആദ്യ ശ്രമത്തിൽ തന്നെ പരീക്ഷയിൽ വിജയം നേടാനായതിൽ സന്തോഷമുണ്ടെന്നും അതിന് സഹായിച്ച മാതാപിതാക്കളോടും അദ്ധ്യാപകരോടും നന്ദിയുണ്ടെന്നും മായങ്ക് അറിയിച്ചു. ജയ്പൂർ മൻസരോവർ സ്വദേശിയാണ് മായങ്ക്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed