വാളയാർ കേസിൽ ജുഡീഷ്യൽ അന്വേഷണം
തിരുവനന്തപുരം: വാളയാറിൽ പതിമ്മൂന്നും ഒമ്പതും വയസുള്ള രണ്ട് പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് ആക്ഷേപമുയർന്ന സാഹചര്യത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്താൻ മന്ത്രിസഭ തീരുമാനിച്ചു. റിട്ടയേർഡ് ജില്ലാ ജഡ്ജിയും സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ പി.കെ ഹനീഫയായിരിക്കും അന്വേഷണകമ്മിഷൻ. കേസ് കോടതിയിൽ നിലനിൽക്കാത്തതും കേസിൽ പ്രതികൾ പുറത്തിറങ്ങിയതും അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം വലിയ വിമർശനമുയർത്തിയിരുന്നു. സി.ബി.ഐ അന്വേഷണമാണ് കേസിൽ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ പെൺകുട്ടികളുടെ രക്ഷിതാക്കൾ കോടതിയെ സമീപിച്ചാൽ എതിർക്കില്ലെന്നതാണ് സർക്കാർ നിലപാട്.

