പി.ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

ന്യൂഡൽഹി: ഐ.എൻ.എക്‌സ് മീഡിയ അഴിമതിക്കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ചിദംബരത്തിനെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണ്. അതിനാൽ ജാമ്യം അനുവദിക്കാനില്ലെന്നും കോടതി വ്യക്തമാക്കി. സാന്പത്തിക ഇടപാടിൽ ചിദംബരത്തിന് മുഖ്യപങ്കുണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നും എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് വാദിച്ചിരുന്നു.
അതേസമയം, അന്വേഷണം പൂർത്തിയായതിനാൽ ജാമ്യം നൽകണമെന്നാണ് ചിദംബരത്തിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. വിദഗ്ധ ചികിത്സയ്ക്കായി പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. അഴിമതിക്കേസിൽ ചിദംബരത്തെ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് ഒക്‌ടോബർ 16നായിരുന്നു. നവംബർ ഒന്നിന് ചിദംബരം സമർപ്പിച്ച ഇടക്കാല ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയിൽ ഹാജരാക്കിയ ചിദംബരത്തിന്‍റെ ജുഡീഷൽ കസ്റ്റഡി കാലാവധി ഈ മാസം 27 വരെ നീട്ടിയിരുന്നു.