സ്വലേയ്ക്ക് ശേഷം പി. സുകുമാറും ദിലീപും വീണ്ടും

കൊച്ചി: മലയാളത്തില്‍ എഴുപതിലധികം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച പി. സുകുമാര്‍ വീണ്ടും സംവിധാന രംഗത്തേക്ക്. സുകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത സ്വലേയിലും ദിലീപായിരുന്നു നായകന്‍. 2009 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ മികച്ച നവാഗതസംവിധായകനുള്ള ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സുകുമാറിന് ലഭിച്ചിരുന്നു. ദിലീപിനെ തന്നെ നായകനാക്കിയാണ് സുകുമാര്‍ പുതിയ ചിത്രവും ഒരുക്കുന്നത്.
അഴകിയ രാവണന്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കൈക്കുടന്ന നിലാവ്, അയാള്‍ കഥയെഴുതുകയാണ്, നിറം, മധുരനൊമ്പരക്കാറ്റ്, സ്വപ്നക്കൂട്, ഗ്രാമഫോണ്‍, പെരുമഴക്കാലം, മഞ്ഞുപോലൊരു പെണ്‍കുട്ടി, രാപ്പകല്‍, പച്ചക്കുതിര, കറുത്ത പക്ഷികള്‍, ഗോള്‍ എന്നീ ജനപ്രിയ കമല്‍ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ സുകുമാറാണ്.
രക്തസാക്ഷികള്‍ സിന്ദാബാദ്, ശ്യാമപ്രസാദിന്റെ കല്ലുകൊണ്ടൊരു പെണ്ണ്, രഞ്ജിത്തിന്റെ രാവണപ്രഭു, അക്ബര്‍ ജോസിന്റെ മഴത്തുള്ളിക്കിലുക്കം, ഷാഫി ചിത്രങ്ങളായ കല്യാണരാമന്‍, പുലിവാല്‍ കല്യാണം, ശശിശങ്കറിന്റെ കുഞ്ഞിക്കൂനന്‍, ജോഷിയുടെ റണ്‍വേ, ലയണ്‍, ട്വന്റി ട്വന്റി, അനില്‍ സി. മേനോന്റെ ബെന്‍ ജോണ്‍സണ്‍, എം. മോഹനന്റെ കഥ പറയുമ്പോള്‍, രഞ്ജിത് ശങ്കറിന്റെ പാസഞ്ചര്‍, തോംസണ്‍ സംവിധാനം ചെയ്ത കാര്യസ്ഥന്‍, സന്ധ്യാ മോഹന്റെ മിസ്റ്റര്‍ മരുമകന്‍ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ സുകുമാറിന്റെ ക്യാമറയില്‍ പിറവികൊണ്ടവയാണ്. കൈയൊപ്പ്, കൈക്കുടന്ന നിലാവ്, ചേട്ടായീസ് എന്നീ ചിത്രങ്ങളില്‍ അഭിനേതാവായ സുകുമാര്‍, ചേട്ടായീസ്, മായാ മോഹിനി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണത്തിലും പങ്കാളിയായിരുന്നു.