മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍.ശേഷന്‍ അന്തരിച്ചു

ചെന്നൈ: മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍.ശേഷന്‍ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ടി.എൻ. ശേഷൻ രാജ്യത്തെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായത് 1990 ഡിസംബർ 12 മുതല്‍ 1996 ഡിസംബർ 11 വരെയാണ്.1995 ബാച്ചിലെ തമിഴ്നാട് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്തെന്ന് രാഷ്ട്രീയക്കാരെ പഠിപ്പിച്ചത് ശേഷനായിരുന്നു. വോട്ടർമാർക്ക് ചിത്രമടങ്ങിയ തിരിച്ചറിൽ കാർഡ് നൽകിയത് ശേഷന്റെ ഏറ്റവും ശ്രദ്ധേയമായ പരിഷ്‌ക്കാരമാണ്. ഇതോടെ രാജ്യത്ത് കള്ളവോട്ടുകൾ ചെയ്തിരുന്നത് വ്യാപകമായി കുറയ്ക്കാനായി. രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ തെരഞ്ഞെടുപ്പു കമ്മീഷണറെന്ന നിലയിൽ മലയാളികളുടെ അഭിമാനമാണ് ടിഎൻ ശേഷൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഒരു സംവിധാനമുണ്ടെന്ന് ഇന്ത്യയിലെ സാമാന്യജനം അറിഞ്ഞത് ടിഎൻ ശേഷൻ അതിന്റെ തലപ്പത്ത് എത്തിയപ്പോഴായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനപ്രതിധി തെരഞ്ഞെടുപ്പുനടത്തിപ്പുകാരന്റെ ചുമതലയും അധികാരവുമെന്തെന്ന് അദ്ദേഹം രാജ്യത്തെ ബോധ്യപ്പെടുത്തി. കൈയ്യൂക്കും കള്ളപ്പണവും വിജയിയെ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ വോട്ടിനും വോട്ടർക്കും വിലയുണ്ടാക്കിയത് ശേഷനാണ്.
പാലക്കാട് തിരുനെല്ലായി ഗ്രാമത്തിൽ 1933 മെയ് 15നായിരുന്നു ജനനം. പിതാവ് പ്രഗത്ഭ അഭിഭാഷകനായിരുന്ന നാരായണ അയ്യർ. അമ്മ സീതാലക്ഷ്മി. എസ്എസ്‍എൽസി, ഇന്റർമീഡിയറ്റ്, ഡിഗ്രി, സിവിൽസർവീസ് പരീക്ഷകളിലെല്ലാം ഒന്നാംറാങ്കുകാരൻ എന്ന അത്യപൂർവ ബഹുമതിക്ക് ഉടമയായ ശേഷൻ 1955 –ൽ ഐഎഎസ് നേടി. തമിഴ്നാട് കേഡർ ചോദിച്ചുവാങ്ങിയ അദ്ദേഹം 1956–ൽ കോയമ്പത്തൂർ അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗികജീവിതം ആരംഭിച്ചു. ശേഷന്റെ പ്രാഗത്ഭ്യം പരിഗണിച്ച് പരിശീലനം കഴിയുന്നതിനു മുമ്പുതന്നെ സബ്കളക്ടറായി പ്രമോഷൻ ലഭിച്ചു. തമിഴ്നാട് ഗ്രാമവികസന വകുപ്പിൽ അണ്ടർസെക്രട്ടറിയായും മധുരയിൽ കളക്ടറായും പ്രവർത്തിച്ചു.
1962ൽ തമിഴ്നാട് ട്രാൻസ്പോർട്ട് ഡയറക്ടറായി നിയമിതനായി. തമിഴ്നാട് വ്യവസായ വകുപ്പിലും കൃഷി വകുപ്പിലും സെക്രട്ടറിയായിരുന്നു. 1968–ൽ കേന്ദ്രസർവീസിലെത്തി. അണുശക്തി വകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയും ഡയറക്ടറുമായി. എണ്ണപ്രകൃതിവാതകം, ശൂന്യാകാശം, വനംവന്യജീവി സംരക്ഷണം, പരിസ്ഥിതി വകുപ്പുകളിലും പ്രവർത്തിച്ചു. 1986ൽ പ്രധാനമന്ത്രി രാജീവ്ഗാന്ധി തന്റെ സുരക്ഷയുടെ ചുമതലുള്ള സെക്രട്ടറിയായി ശേഷനെ നിയമിച്ചു. 1988ൽ പ്രതിരോധ സെക്രട്ടറിയായി. 1989 മാർച്ച് മുതൽ ഡിസംബർ വരെ കാബിനറ്റ് സെക്രട്ടറിയായിരുന്നു. വിപി സിംഗ് പ്രധാനമന്ത്രിയായപ്പോൾ ശേഷനെ ആസൂത്രണ കമ്മീഷനിലേക്കു മാറ്റി.
ഔദ്യോഗിക ജീവിതത്തിൽ നിരവധി പദവികൾ കൈയ്യാളിയെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷണറെന്ന നിലയിലായിരിക്കും അദ്ദേഹം എന്നും സ്മരിക്കപ്പെടുക. തെരഞ്ഞെടുപ്പുരംഗം അഴിമതി വിമുക്തമാക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ വിലമതിക്കാനാവില്ല. ബൂത്തുപിടുത്തവും കള്ളവോട്ടും വോട്ടർപട്ടികയിലെ ക്രമക്കേടുകളും അക്രമവും ഗുണ്ടായിസവുമൊക്കെ പതിവായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായി സംശുദ്ധമായ തെരഞ്ഞെടുപ്പ് നടത്തിയത് ടിഎൻ ശേഷനായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നിലവിലുള്ള ജനപ്രതിനിധികൾ ഒൗദ്യോഗിക സ്ഥാനമാനങ്ങളും വസതിയും വാഹനവുമെല്ലാം പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്ന പതിവ് അവസാനിപ്പിച്ചത് ശേഷനാണ്.
തെരഞ്ഞെടുപ്പിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമായുള്ള കൂടിക്കാഴ്ചകൾ വിലക്കപ്പെട്ടു. ചുവരെഴുത്തുകൾക്കും കട്ടൗട്ടുകൾക്കും ഉച്ചഭാഷിണിക്കുമൊക്കെ നിയന്ത്രണം വന്നു. പ്രചാരണ സമയവും പ്രചാരണച്ചെലവും വെട്ടിക്കുറച്ചു. ശേഷൻ നിയോഗിച്ച നിരീക്ഷക സംഘം മിന്നൽ സന്ദർശനങ്ങൾ നടത്തി സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു ചെലവുകളും സ്വത്തുവിവരങ്ങളും പരിശോധിച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതും സ്ഥാനാർഥികളെ അയോഗ്യരാക്കുന്നതുമുൾപ്പെടയുള്ള കർശനമായ നടപടികളായിരുന്നു ക്രമക്കേടുകൾക്കുള്ള ശിക്ഷ. ശേഷന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും മുഖംനോക്കാത്ത നടപടികളും കക്ഷിഭേദമെന്യേ രാഷ്ട്രീയ ഉദ്യോസ്ഥ നേതൃത്വത്തിന്റെ മുഖം കറുപ്പിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്റെ അധികാരത്തിന് പരിധികൾ നിശ്ഛയിച്ച് പരമോന്നത നീതിപീഠം വരെ രംഗത്തെത്തിയെങ്കിലും ഇന്ത്യൻ സിവിൽ സർവീസ് കണ്ട എക്കാലത്തെയും കരുത്തനായ ഈ ഉദ്യോഗസ്ഥൻ ഒരടിപോലും പിന്നോട്ടു പോയില്ല.
തെരഞ്ഞെടുപ്പു കമ്മീഷണർ പദവിയിൽ നിന്നു വിരമിച്ച ശേഷൻ രാഷ്ട്രീയത്തിലും ഒരുകൈ നോക്കി. 1997ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കെ.ആർ നാരായണനെതിരെ മത്സരിച്ചു പരാജയപ്പെട്ടു. 1999ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.കെ അഡ്വാനിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചപ്പോഴും പരാജയമായിരുന്നു വിധി. ഗുജറാത്തിലെ ഗാന്ധിനഗറിലായിരുന്നു രാജ്യം ഉറ്റുനോക്കിയ മത്സരം.