സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍


മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേന ചര്‍ച്ചകള്‍ പൂര്‍ണ്ണമായി നിലച്ചിരിക്കെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ കോഷിയാരി. ബി.ജെ.പിയുടെ നിയമസഭാ കക്ഷി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് ബി.ജെ.പിയെ ക്ഷണിച്ചതെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രണ്ട് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം. ശിവസേനയുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഫഡ്‌നാവിസ് രാജിവച്ചത്. ആദ്യത്തെ രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനവും തുല്യമായി മന്ത്രിസ്ഥാനങ്ങളും ലഭിക്കണമെന്ന ശിവസേനാ നിലപാടില്‍ തട്ടിയാണ് മഹാരാഷ്ട്രയില്‍ ചര്‍ച്ചകള്‍ വഴിമുട്ടിയത്. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ ബി.ജെ.പി തയ്യാറല്ല.

അതേസമയം അമിത് ഷായുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ശിവസേനയുടെ വാദം. ഇതിനിടിടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനുള്ള ബി.ജെ.പി നീക്കം മുന്നില്‍ കണ്ട് ശിവസേനാ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. മലാടിലെ റിട്രീറ്റ് ഹോട്ടലിലേക്കാണ് ശിവസേനാ എം.എല്‍.എമാരെ മാറ്റിയിരിക്കുന്നത്. നവംബര്‍ 15 വരെ എം.എല്‍.എമാരെ അവിടെ താമസിപ്പിക്കും. എം.എല്‍.എമാര്‍ക്ക് സംരക്ഷണം തേടി ശിവസേന പോലീസിനെയും സമീപിച്ചിട്ടുണ്ട്. ബി.ജെ.പി-ശിവസേനാ ചര്‍ച്ചകള്‍ ഏതാണ്ട് വഴിമുട്ടിയ സാഹചര്യത്തിലാണ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുന്നത്. കള്ളം പറയുന്ന ബി.ജെ.പിയുമായി ഇനി സഹകരിക്കാനാകില്ലെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകള്‍ നിലച്ചതിനെ തുടര്‍ന്ന് ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ശിവസേന ഉന്നയിച്ചത്

You might also like

Most Viewed