മിസോറം ഗവർണറായി പി.എസ് ശ്രീധരൻ പിള്ള ചുമതലയേറ്റു

ഐസോള്‍: മിസോറം ഗവർണറായി അഡ്വ. പി.എസ് ശ്രീധരന്‍പിള്ള സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഐസോളിലെ രാജ് ഭവനിൽ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാം മുഖ്യമന്ത്രിയടക്കമുള്ളവർ പങ്കെടുത്തു. ദൈവനാമത്തിലായിരുന്നു ശ്രീധരൻ പിള്ള സത്യപ്രതിജ്ഞ ചെയ്തത്.
കേരളത്തിൽ നിന്ന് മിസോറാം ഗവർണർ ആകുന്ന മൂന്നാമത്തെ മലയാളിയാണ് പി. എസ്. ശ്രീധരൻ പിള്ള. വക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനും നേരത്തെ ഗവർണർ പദവി വഹിച്ചിട്ടുണ്ട്. പിള്ളയുടെ കുടുംബാംഗങ്ങളും ബി.ജെ.പി നേതാവ് എം.ടി രമേശ് അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു. ബി.ജെ.പി ദേശിയ സെക്രട്ടറി സത്യകുമാർ, കേരളത്തിൽ നിന്ന് നാലു ക്രിസ്ത്യൻ സഭ ബിഷപ്പുമാർ, കൊച്ചി ബാർ കൗൺസിൽ പ്രതിനിധികൾ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അൽഫോൻസ് കണ്ണന്താനവും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ശ്രീധരൻ പിള്ള ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ ഉൾപ്പടെ ഉള്ള നേതാക്കളെ കണ്ടിരുന്നു. ഇന്നലെ മോസോറാമിലെത്തിയ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകിയാണ് രാജ്ഭവൻ സ്വീകരിച്ചത്. വക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനും ശേഷം കേരളത്തിൽ നിന്ന് മിസോറാം ഗവർണർ ആകുന്ന മൂന്നാമത്തെ മലയാളിയാണ് പി. എസ് ശ്രീധരൻ പിള്ള.