ഇരയുടെ സുരക്ഷയും സ്വകാര്യതയും മാനിക്കണം; മെമ്മറി കാർഡ് ദിലീപിന് നൽകരുതെന്ന് സർക്കാർ


ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങൾ രേഖകൾ തന്നെയെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് തേടി ദിലീപ് നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവേയാണ് ഇക്കാര്യം സർക്കാർ കോടതിയിൽ അറിയിച്ചത്.മെമ്മറി കാർഡ് തൊണ്ടിമുതലാണെങ്കിലും അതിനുള്ളിലെ ദൃശ്യങ്ങൾ രേഖയാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. രേഖയാണെങ്കിലും ദൃശ്യങ്ങൾ ദിലീപിന് കൈമാറരുതെന്നും സർക്കാർ വാദിച്ചു. അങ്ങനെ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയാൽ അത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചേക്കാമെന്നും ഇരയുടെ സുരക്ഷയും സ്വകാര്യതയും മാനിക്കണമെന്നും കോടതിയോട് സർക്കാർ ആവശ്യപ്പെട്ടു.

 അതേസമയം, മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയാണങ്കിൽ അത് ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകന്‍റെ വാദം. എന്നാൽ, ദൃശ്യങ്ങൾ ദിലീപിന് നൽ‌കരുതെന്ന് നടി ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ നൽകിയാൽ അത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചേക്കാമെന്നും നടി കോടതിയെ അറിയിച്ചു. സ്വകാര്യത വ്യക്തിയുടെ മൗലിക അവകാശമാണെന്നും പരിരക്ഷ ലഭിക്കണമെന്നും നടി കോടതിയിൽ അറിയിച്ചു. ജസ്റ്റീസ് എ.എന്‍.ഖാന്‍വില്‍ക്കര്‍, അജയ് റോത്തഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയിൽ വാദം കേട്ടത്.

You might also like

Most Viewed