സിസ്റ്റര്‍ അഭയക്കേസ്: വൈദികര്‍ക്കെതിരെ മൊഴി നല്‍കി സാക്ഷി ത്രേസ്യാമ്മ

തിരുവനന്തപുരം: സിസ്റ്റർ അഭയക്കേസിൽ വൈദികര്‍ക്കെതിരെ കേസിലെ സാക്ഷിയുടെ നിർണായക മൊഴി. വിചാരണ നടക്കുന്ന തിരുവനന്തപുരം സി ബി ഐ കോടതിയിലെത്തിയാണ് സാക്ഷിയായ പ്രൊഫസർ ത്രേസ്യാമ്മ മൊഴി നൽകിയത്. സിസ്റ്റർ അഭയയുടെ അദ്ധ്യാപികയായിരുന്നു ത്രേസ്യാമ്മ. ഫാദർ തോമസ് എം കോട്ടൂരിനും ജോസ് പുതൃക്കയിലിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് കോടതിയിൽ വ്യക്തമാക്കി.
മൊഴി നൽകിയതിനു ശേഷം ത്രേസ്യാമ്മ മാധ്യങ്ങളോട് പ്രതികരിച്ചു.'പ്രതികൾക്കെതിരെ വിദ്യാർത്ഥിനികൾ നേരത്തെയും പരാതി പറഞ്ഞിരുന്നു. ക്ലാസ് മുറിയിൽ പ്രതികൾ മോശമായി പെരുമാറിയിരുന്നെന്നും വിദ്യാർഥിനികൾ പരാതിപ്പെട്ടതായി പ്രൊഫസർ ത്രേസ്യാമ്മ കൂട്ടിച്ചേർത്തു. മൊഴിമാറ്റാൻ പലഘട്ടത്തിലും പ്രതികളുടെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടായെന്നും അവർ വ്യക്തമാക്കി. ബി സി എം കോളേജിലെ അധ്യാപകരായിരുന്നു ഫാ. തോമസ് എം കോട്ടൂരും ഫാ.ജോസ് പൂതൃക്കയിലും. സിസ്റ്റർ അഭയയുടെ മൃതദേഹം കാണാൻ ചെന്നപ്പോൾ മൃതദേഹം കാണിച്ചുതന്നത് ഫാദർ ജോസ് പുതൃക്കയിൽ ആയിരുന്നെന്നും ത്രേസ്യാമ്മ പറഞ്ഞു. വിചാരണ പുരോഗമിക്കുന്ന കേസിൽ ഇതിനോടകം ആറു സാക്ഷികൾ കൂറുമാറിയിട്ടുണ്ട്.