കുൽഭൂഷന് ഇന്ത്യൻ ഉദ്യോഗസ്ഥരെ കാണാൻ അനുമതി


ന്യൂഡൽഹി:  ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ ജയിലില്‍ കഴിയുന്ന കുൽഭൂഷൻ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി പാക്കിസ്ഥാന്‍. നാളെയാണു കുടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിരിക്കുന്നത്. പത്ത് ദിവസം മുമ്പുള്ള രാജ്യാന്തര കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. 2017 ഏപ്രിലിൽ ആണ് നയതന്ത്ര ഉദ്യോഗസ്ഥരെ കാണാൻ അനുമതി നൽകണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ അവസാനമായി ആവശ്യപ്പെട്ടത്. ഇസ്ലാമാബാദ് ഇതിനോട് പ്രതികരിക്കാതെ വന്നപ്പോഴാണ് ഇന്ത്യ 2017 മേയിൽ രാജ്യാന്തര കോടതിയിൽ കേസ് നൽകിയത്. വ്യാപാരിയായിരുന്ന, മുൻ നാവികസേനാ ഓഫിസറായ ജാദവിനെ ചാരവൃത്തി ആരോപിച്ച് 2016 ഏപ്രിലിലാണ് പാക്കിസ്ഥാൻ തടവിലാക്കിയത്. 2017 ഏപ്രിലിൽ സൈനികക്കോടതി വധശിക്ഷ വിധിച്ചു. തൊട്ടടുത്ത മാസം ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്ന് ഈ വർഷം ജൂലൈ 17ന് കേസ് പരിഗണിച്ച ഹേഗിലെ രാജ്യാന്തര കോടതി പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ തടയുകയായിരുന്നു. വധശിക്ഷ പുനപരിശോധിക്കാൻ പാക്കിസ്ഥാനു നിർദേശം നൽകിയ കോടതി, ജാദവിന് നയതന്ത്ര സഹായം നൽകണമെന്നും ആവശ്യപ്പെട്ടു. കുൽഭൂഷൺ ജാദവ് ചാരനാണെന്നതിന് തെളിവില്ലെന്ന നിലപാടെടുത്ത കോടതി  സൈനികക്കോടതിവിധി റദ്ദാക്കുകയോ ജാദവിനെ വിട്ടയയ്ക്കാൻ നിർദേശിക്കുകയോ ചെയ്തില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed