ആതറിന് 9000 രൂപ വരെ വിലക്കുറവ്
ന്യൂഡൽഹി: പെട്രോൾ −ഡീസൽ വാഹന ബദലായി പുതിയ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഇലക്ട്രിക് വാഹന ജി.എസ.്ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചതോടെ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്റ്റാർട്ടപ്പ് കന്പനിയായ ആതറിന്റെ ഇലക്ട്രിക് സ്കൂട്ടുറുകൾക്ക് ഇന്ത്യയിൽ 9000 രൂപ വരെ വില കുറഞ്ഞു. ഇന്നലെ മുതലാണ് ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പുതുക്കിയ ജി.എസ്.ടി നിരക്ക് പ്രാബല്യത്തിൽ വന്നത്.
ആതർ 340, ആതർ 450 എന്നീ രണ്ട് മോഡലുകളാണ് ആതർ നിരയിലുള്ളത്. പുതുക്കിയ വില പ്രകാരം ആതർ 340ക്ക് ബംഗളൂരുവിൽ 1.02 ലക്ഷം രൂപയും ആതർ 450ക്ക് 1.13 ലക്ഷം രൂപയുമാണ് ഓൺറോഡ് വില. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫെയിം സബ്സിഡി അടക്കമാണിത്. ചെന്നൈയിൽ ആതർ 340ക്ക് 1.10 ലക്ഷവും ആതർ 450ക്ക് 1.22 ലക്ഷം രൂപയുമാണ് ഓൺ റോഡ് വില.
നിലവിൽ ബംഗളൂരുവിലും ചെന്നൈയിലും മാത്രമാണ് ആതർ സ്കൂട്ടറുകൾ ലഭ്യമായിട്ടുള്ളത്. വൈകാതെ ഡൽഹി എൻ.സി.ആർ, ഹൈദരാബാദ്, മുംബൈ, പുണെ തുടങ്ങിയ മുപ്പതോളം സിറ്റികളിലേക്കും അതർ വിൽപനയ്ക്കെത്തും. ആതർ 340−യിൽ 1.92 kWh ലിഥിയം അയോൺ ബാറ്ററിയാണ് ബ്രഷ്ലെസ് ഡിസി ഇലക്ട്രിക് മോട്ടോറിന് ആവശ്യമായ പവർ നൽകുക. പരമാവധി 6 ബി.എച്ച്.പി പവറും 20 എൻ.എം ടോർക്കും ഇതിൽ ലഭിക്കും. 7.2 ബി.എച്ച്.പി പവറും 20.5 എൻ.എം ടോർക്കുമേകുന്നതാണ് ആതർ 450−യിലെ 2.4 kWh ലിഥിയം അയോൺ ബാറ്ററി. ആതർ 340 മണിക്കൂറിൽ 70 കിലോമീറ്റർ സ്പീഡിലും ആതർ 450 മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലും കുതിക്കും.
5.1 സെക്കൻഡിൽ 340 മോഡൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗം കൈവരിക്കും. അതേസമയം 450−ക്ക് ഈ വേഗതയിലെത്താൻ 3.9 സെക്കൻഡ് മതി. 340യിൽ ഒറ്റചാർജിൽ 45−60 കിലോമീറ്ററും 450−യിൽ 55−75 കിലോമീറ്റർ ദൂരവും പിന്നിടാം. ഒരു മണിക്കൂറിനുള്ളിൽ ബാറ്ററി 80 ശതമാനത്തോളം ചാർജ് ചെയ്യാനും സാധിക്കും.

