ഉന്നാവോ കേസില്‍ പെണ്‍കുട്ടിയുടെ കത്ത് സിബിഐയ്ക്ക് കൈമാറും; പീഡനക്കേസിന്റെ വിചാരണ യുപിയ്ക്ക് പുറത്തേക്ക് മാറ്റുമെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: ഉന്നാവോ പീഡനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സുപ്രീംകോടതി ഇടപെടല്‍. പെണ്‍കുട്ടിയുടെ കത്ത് സിബിഐയ്ക്ക് കൈമാറുമെന്നും അന്വേഷണം വേഗത്തിലാക്കാന്‍ ആവശ്യപ്പെടുമെന്നും സുപ്രീംകോടതി പറഞ്ഞു. സി.ബി.ഐയുടെ ഉന്നതോദ്യോഗസ്ഥനെ 12 മണിയ്ക്ക് കോടതിയില്‍ എത്താനും കേസുമായി ബന്ധപ്പെട്ട നിജ സ്ഥിതി വ്യക്തമാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സി.ബി.ഐ ഉന്നതോദ്യോഗസ്ഥന് ആവശ്യമെങ്കില്‍ സിറ്റിംഗ് ചേംബര്‍ ആവശ്യപ്പെടാമെന്നും അന്വേഷണ വിവരങ്ങള്‍ ഒരു കാരണവശാലും പുറത്തു പോകരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ലക്നൗ കോടതിയില്‍ നടക്കുന്ന ബലാത്സംഗ വിചാരണകേസ് ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും സുപ്രീംകോടതി പറഞ്ഞു. കേസ് ഡല്‍ഹിയിലേക്ക് മാറ്റാന്‍ നേരത്തേ പെണ്‍കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടിരുന്നു. സംഭവം ഗൗരവതരമായ വിഷയമായി എടുത്തിരിക്കുകയാണ് സുപ്രീം കോടതി.

ബലാത്സംഗം, അതിനു പിന്നാലെ കേസിലെ ഇരയെയും സാക്ഷിയേയും അപകടത്തില്‍ പെടുത്തി കൊല്ലാന്‍ നോക്കല്‍. ഇക്കാര്യം ഭയന്ന് സുരക്ഷ ആവശ്യപ്പെട്ട് ഇര സുപ്രീംകോടതിക്ക് കത്തെഴുതുക തുടങ്ങിയ കാര്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി എടുത്തിരിക്കുന്നത്. ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട് നാലു കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. സമയ ബന്ധിതമായി അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചനകള്‍.
നേരത്തേ ജൂലൈ 10 ന് തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി സുപ്രീംകോടതിക്ക് കത്തയച്ചിരുന്നു. തങ്ങള്‍ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടും എംഎല്‍എയുടെ ആള്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നതായും പെണ്‍കുട്ടി കത്തില്‍ കാണിച്ചിരുന്നു. എംഎല്‍എ യുടെ സഹോദരന്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തിലെത്തി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് പെണ്‍കുട്ടി കത്തയച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed