കള്ളന്മാര്‍ക്കെല്ലാം പേര് 'മോഡി' പരാമര്‍ശം: രാഹുല്‍ ഗാന്ധി സൂററ്റ് കോടതിയില്‍ ഹാജരാകും


ന്യൂഡല്‍ഹി: മോഡിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോഡി നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഇന്ന് സൂററ്റ് കോടതിയില്‍ ഹാജരാകും. കര്‍ണാടകത്തിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം.
ഇതേ പരാതിയില്‍ ബിഹാര്‍ ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോഡി നല്‍കിയ അപകീര്‍ത്തി കേസില്‍ പട്‌ന കോടതി രാഹുലിന് ജാമ്യം നല്‍കിയികുന്നു. ഏപ്രില്‍ 13ന് നടത്തിയ പ്രസംഗത്തില്‍ നീരവ് മോഡിയേയും ലളിത് മോഡിയേയും പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും പേരെടുത്താണ് രാഹുല്‍ വിമര്‍ശിച്ചത്.
'കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോഡി എന്ന് വന്നത്. നരേന്ദ്രമോഡി, ലളിത് മോഡി, നാരവ് മോഡി, എല്ലാവരുടേയും പേരില്‍ മോഡിയുണ്ട്. ഇനി ഇതുപോലെയുള്ള എത്ര മോഡിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

ബിജെപി അധ്യക്ഷൻ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെതിരെയുള്ള അപകീർത്തി കേസിൽ രാഹുൽ ഗാന്ധി അഹമ്മദാബാദ് കോടതിയിൽ ഹാജരാകും. ഗുജറാത്തിലെ ബിജെപി പ്രവർത്തകനാണ് രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി കേസ് നൽകിയത്. 

ഏപ്രിൽ 23 ന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മധ്യപ്രദേശിൽ നടത്തിയ പരാമർശത്തിലാണ് കേസ്. അഞ്ചുവർഷം മുമ്പ് അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കിയ സൊറാബുദ്ദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസ് പരോക്ഷമായി സൂചിപ്പിച്ചാണ് രാഹുൽഗാന്ധി പരാമർശം നടത്തിയത്. ഇതിനു പിന്നാലെ അതേ വേദിയിൽ വച്ച് അമിത് ഷായുടെ മകൻ ജെയ് ഷായ്ക്കെതിരെയും രാഹുൽ ഗാന്ധി പരാമർശം നടത്തിയിരുന്നു.

കൊലക്കേസ് പ്രതിയായ ബിജെപി പ്രസിഡന്റ് അമിത് ഷാ, എന്തൊരു മഹിമ. നിങ്ങൾ ജയ് ഷാ എന്ന പേര് കേട്ടിട്ടുണ്ടോ? അദ്ദേഹമൊരു മാന്ത്രികനാണ്. 50,000 രൂപ മൂന്നുമാസം കൊണ്ട് 80 കോടിയാക്കി മാറ്റിയ ആളാണ് ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഈ പരാമർശത്തിലാണ് അപകീർത്തി കേസ് വന്നിരിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed