മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിക്കെതിരെ പാക്കിസ്ഥാൻ


 

ലാഹോർ∙ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിനെതിരെ പാക്കിസ്ഥാൻ കേസെടുത്തു. ഭീകരത വളർത്താൻ പണം സമാഹരിക്കുന്നതിനാണ് സയീദിനും 12 കൂട്ടാളികൾക്കുമെതിരെ കേസു ചുമത്തിയത്. 23 കേസുകളാണ് ഇവർക്കെതിരെയുള്ളത്. ഭീകര സംഘങ്ങൾക്കെതിരെ നടപടിയെടുക്കാൻ പാക്കിസ്ഥാന് രാജ്യാന്തര തലത്തിൽ സമ്മർദം ഏറുന്നതിനിടെയാണ് നടപടി.
ജമാഅത്തുദ്ദഅവ എന്ന ഭീകരസംഘടനയുടെ നേതാവായ സയീദും കൂട്ടാളികളും അഞ്ച് ട്രസ്റ്റുകളുടെ മറവിലാണ് പണം സമാഹരിക്കുന്നതെന്ന് പാക്കിസ്ഥാന്റെ ഭീകര വിരുദ്ധ വിഭാഗം ചൂണ്ടിക്കാട്ടി. ലഹോർ, ഗുജാറെൻവാല, മുൾടാൻ, എന്നിവിടങ്ങളിലാണ് ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ട്രസ്റ്റുകളുടെ മറവിൽ ഇവരുണ്ടാക്കുന്ന സ്വത്തുക്കൾ വൻതോതിൽ ഭീകര പ്രവർത്തനങ്ങളെ സഹായം നൽകാനായി  ഉപയോഗിക്കുന്നതായും ഭീകരവിരുദ്ധ വിഭാഗം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ജമാഅത്തുദ്ദഅവയ്ക്കു പുറമേ മറ്റു സംഘടനകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഭീകരതയ്ക്കായി പണപ്പിരിവ് നടത്തിയാണ് അവർ ഈ കണ്ട സമ്പത്തെല്ലാം ഉണ്ടാക്കിയത്. ഭീകര വിരുദ്ധ നിയമം 1997 പ്രകാരം ഭീകര വളർത്താൻ ധനസമാഹരണം, പണത്തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭീകര വിരുദ്ധ കോടതിയിലാണ് വിചാരണ നടക്കുകയെന്നു ഭീകര വിരുദ്ധ വിഭാഗം അറിയിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ നിർദേശ പ്രകാരം ഇവരുടെ സ്വത്തുവകകളെല്ലാം നേരത്തെ തന്നെ കണ്ടു കെട്ടിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed