സെർവർ തകരാറുകൾ പരിഹരിച്ചുവെന്ന് ഫേസ്ബുക്ക്
ന്യൂഡൽഹി: സമൂഹമാധ്യമ സൈറ്റുകളായ ഫെയ്സ്ബുക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയ്ക്കു നേരിട്ട സെർവർ തകരാറുകൾ പരിഹരിച്ചു. ഫെയ്സ്ബുക് അധികൃതർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചില ആന്തരിക പ്രവർത്തന തകരാറുകൾ കാരണമാണ് ഫയലുകൾ അപ്ലോഡ് ചെയ്യുന്നതിലും അയക്കുന്നതിലും പ്രശ്നം അനുഭവപ്പെട്ടതെന്നാണ് ഫെയ്സ്ബുക്കിന്റെ വിശദീകരണം. ഇപ്പോൾ നൂറു ശതമാനം പ്രവർത്തനയോഗ്യമാണെന്നും ട്വീറ്റിലുണ്ട്.
അതേ സമയം സെർവർ തകരാറിലായ സമയത്ത് ഉണ്ടായ നഷ്ടം നികത്തുമോ എന്ന പരസ്യദാതാക്കളുടെ ചോദ്യത്തിന് ഫെയ്സ്ബുക് മറുപടി നൽകിയിട്ടില്ല. ദശലക്ഷക്കണക്കിന് രൂപയാണ് പരസ്യത്തിലൂടെ ഈ സൈറ്റുകൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ഇത്തരത്തിൽ തകരാറു നേരിട്ടപ്പോൾ പരസ്യദാതാക്കൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ഫെയ്സ്ബുക് അധികൃതർ അറിയിച്ചിരുന്നു.

