സാമ്പത്തിക പ്രതിസന്ധി; പൗരന്മാരെല്ലാം ജൂണ്‍ 30ന് മുമ്പ് സ്വത്ത് വെളിപ്പെടുത്തണമെന്ന് പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എല്ലാ പൗരന്മാരും സ്വത്ത് വെളിപ്പെടുത്തണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നികുതി അടച്ചില്ലെങ്കിൽ രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്നും ജൂൺ 30 ന് മുമ്പ് എല്ലാ പാക് പൗരന്മാരും സ്വത്ത് വെളിപ്പെടുത്തൽ പദ്ധതിയിലൂടെ തങ്ങളുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടത്.
ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് ഇമ്രാൻ ഖാന്റെ ആഹ്വാനമെന്നത് ശ്രദ്ധേയമാണ്. മികച്ച രാജ്യമായി മാറാൻ നാം സ്വയം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിനാമി സ്വത്തുക്കൾ, ബിനാമി ബാങ്ക് അക്കൗണ്ടുകൾ, വിദേശ രാജ്യങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള പണത്തിന്റെ വിവരങ്ങൾ എന്നിവയാണ് ജൂൺ 30 ന് മുമ്പ് വെളിപ്പെടുത്തണമെന്ന് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ആർക്കൊക്കെ ബിനാമി സ്വത്തുവകകൾ ഉണ്ടെന്നതിനെപ്പറ്റിയുള്ള മുഴുവൻ വിവരങ്ങളും അന്വേഷണ ഏജൻസികളുടെ പക്കലുണ്ടെന്നും ഇമ്രാൻ ഖാൻ മുന്നറിയിപ്പ് നൽകി.
ജൂൺ 30 ന് ശേഷം ആർക്കും ഇനി അവസരം നൽകില്ലെന്നും ഇമ്രാൻ ഖാൻ പൗരന്മാരോടായി പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഒഴികെയുള്ള പാകിസ്താനിലുള്ള ബിനാമി സ്വത്തുക്കൾ വെളിപ്പെടുത്തിയാൽ നാല് ശതമാനം മാത്രം നികുതി ഈടാക്കി അതിനെ കണക്കിൽ പെട്ട സ്വത്തുക്കളായി മാറ്റാം. പാകിസ്താനിലെ ബാങ്കുകളിൽ ബിനാമി പേരുകളിൽ സൂക്ഷിച്ചിട്ടുള്ള പണം, വിദേശ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള പണം ഇവയ്ക്ക് ആറ് ശതമാനം നികുതിയും ഈടാക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷംകൊണ്ട് രാജ്യത്തിന്റെ പൊതുകടം 2.85 ലക്ഷം കോടിയിൽ നിന്ന് 14.25 ലക്ഷം കോടിയായി ഉയർന്നെന്നും ഇമ്രാൻ ഖാൻ വെളിപ്പെടുത്തി. രാജ്യത്ത് നികുതിയായി പിരിക്കുന്ന തുകയുടെ പകുതിയിലേറെയും കടം വീട്ടാനായി ഉപയോഗിക്കേണ്ടി വരുന്നതായും അദ്ദേഹം പറഞ്ഞു.

