മധ്യപ്രദേശിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസും ബിജെപിയും : ആനന്ദിബെൻ പട്ടേലിന്റെ നിലപാട് നിർണായകം
ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി, സഖ്യകക്ഷി ചർച്ചകൾ സജീവം. മധ്യപ്രദേശിൽ കേവലഭൂരിപക്ഷം നേടാത്ത കോൺഗ്രസ്, ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെ അധികാരത്തിലെത്തുന്നതിനുള്ള ശ്രമത്തിലാണ്. ഗവർണറെ കാണാൻ അവർ ഇന്നലെ തന്നെ അനുമതി തേടിയിരുന്നു. എന്നാൽ മുഴുവൻ ഫലങ്ങളും പുറത്തുവന്നതിനുശേഷം ആകാമെന്നായിരുന്നു ആനന്ദിബെൻ പട്ടേലിന്റെ നിലപാട്.
ബിജെപിയും ഇവിടെ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചിട്ടുണ്ട്. രാജസ്ഥാനിൽ രാഷ്ട്രീയ ലോക്ദളിന്റെ പിന്തുണയോടെ കോൺഗ്രസ് അധികാരത്തിലെത്തും. സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യത.
ഛത്തീസ്ഗഡിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിനാൽ മുഖ്യമന്ത്രിയെ കണ്ടെത്തുക മാത്രമാണു കോൺഗ്രസിനുള്ള വെല്ലുവിളി. അതേസമയം, മിസോറമിൽ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മിസോ നാഷനൽ ഫ്രണ്ട് അംഗങ്ങൾ ഗവർണർ കുമ്മനം രാജശേഖരനെ കണ്ടു.
തെലങ്കാനയിൽ കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ നാളെ അധികാരമേൽക്കുമെന്നാണു സൂചന. സത്യപ്രതിജ്‍ഞ നാളെത്തന്നെയുണ്ടാകുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.