വിജയം കോൺഗ്രസിന്റെ ഉത്തരവാദിത്തം വർധിപ്പിക്കുന്നതായി രാഹുൽ ഗാന്ധി


ന്യൂഡൽഹി : തിരഞ്ഞെടുപ്പ് വിജയം കോൺഗ്രസിന്റെ ഉത്തരവാദിത്തം വർധിപ്പിക്കുന്നതായി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. യുവജനങ്ങളും കർഷകരും ചെറുകിട വ്യാപാരികളുമാണ് കോൺഗ്രസിന്റെ വിജയത്തിനു പിന്നിൽ. ഇത് കർഷകരുടെയും സാധാരണക്കാരുടെയും വിജയമാണ്. പാർട്ടിക്കു വോട്ടു ചെയ്ത എല്ലാവർക്കും നന്ദി. ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ പരിശ്രമിക്കുമെന്നും രാഹുൽ വ്യക്തമാക്കി.

അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുൽ. ഛത്തീസ്ഗഡിൽ വർഷങ്ങൾ നീണ്ട ബിജെപി ഭരണത്തിനു വിരാമമിട്ട് കോൺഗ്രസ് വീണ്ടും ഭരണം പിടിച്ചിരുന്നു. രാജസ്ഥാനിലും ഭരണം കോൺഗ്രസ് ഉറപ്പിച്ചു. മധ്യപ്രദേശിൽ ബിജെപിയുമായി ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

കോൺഗ്രസിനെ പിന്തള്ളി ഭരണം പിടിച്ച മിസോറമിലെ എംഎൻഎഫിനെയും തെലങ്കാനയിലെ തെലങ്കാല രാഷ്ട്ര സമിതിയെയും രാഹുൽ അഭിനന്ദിച്ചു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിമാർക്കു നന്ദി പറഞ്ഞ രാഹുൽ, ഇതു മാറ്റത്തിന്റെ സമയമാണെന്നും അഭിപ്രായപ്പെട്ടു.

You might also like

Most Viewed